ചെറാട് മലയിൽ കുടുങ്ങിയ ബാബുവിന്റെ രക്ഷാപ്രവർത്തനത്തിൽ അഗ്നി രക്ഷാ വിഭാഗത്തിന് വീഴ്ചയുണ്ടായതായി നിരീക്ഷണം.പാലക്കാട് ജില്ലാ ഫയര്‍ ഓഫീസറോട് വിശദീകരണം തേടി ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഡയറക്ടര്‍. യുവാവ് മലയിൽ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടും ശരിയായ ഇടപെടലുണ്ടായില്ലെന്നാണ് വിമർശനം.
യഥാസമയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചില്ല, ആവശ്യമായ ജീവനക്കാരെ നിയോഗിച്ചില്ല, സാങ്കേതിക സഹായം നൽകുന്നതിൽ പരാജയപ്പെട്ടു എന്നീ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. ബാബു കുടുങ്ങിപ്പോയ തിങ്കളാഴ്ച തുടങ്ങിയ രക്ഷാ പ്രവര്‍ത്തനം ബുധനാഴ്ചയായിരുന്നു അവസാനിച്ചത്.രണ്ട് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വെള്ളിയാഴ്ചയാണ് ബാബുവിനെ വീട്ടിലെത്തിച്ചത്.കുടുങ്ങിയ ബാബു തന്നെയാണ് ഫയര്‍ഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ഫയര്‍ഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് സൈന്യവും എന്‍ഡിആര്‍എഫും സംയുക്തമായി രക്ഷാപ്രവര്‍ത്തനം നടത്തി ബാബുവിനെ രക്ഷിക്കുകയായിരുന്നു.