നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കവേ കേരളത്തിലെ കൊവിഡ് വ്യാപനത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികളുമായുള്ള ചർച്ചയിലാണ് കമ്മീഷൻ ആശങ്ക പങ്കുവെച്ചത്. ഏപ്രിൽ മാസം പകുതിയോടെ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടു. മെയ് മാസത്തിൽ മതിയെന്ന് ബിജെപി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. വോട്ടർ പട്ടികയിൽ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ട് രേഖപ്പെടുത്താനുള്ള സമയം നീട്ടേണ്ടതില്ല. 7 മുതൽ 5 മണി വരെ മതിയെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
റമദാനും വിഷുവും പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിക്ക് മുൻപ് നടത്തണമെന്നാണ് ഇടത് മുന്നണി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ആവശ്യപ്പെട്ടത്. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കരുത്. പോസ്റ്റൽ വോട്ട് ലിസ്റ്റ് സ്ഥാനാർഥികൾക്ക് കൂടി ലഭ്യമാക്കണം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് അക്ഷയ കേന്ദ്രങ്ങൾ തുക ചുമത്തുന്നത് ഒഴിവാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരുമായും കമ്മീഷൻ കൂടിക്കാഴ്ച നടത്തി. പൊലീസ് സുരക്ഷ, ഉദ്യോഗസ്ഥ വിന്യാസം എന്നിവ സംബന്ധിച്ച് നാളെയും ചർച്ചയുണ്ടാകും. ഈ മാസം 15ന് കമ്മിഷൻ ഡല്‍ഹിക്ക് മടങ്ങിയ ശേഷം അടുത്ത ആഴ്ച അവസാനത്തോടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന.