കുന്ദമംഗലം; ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ഹോട്ടൽ, കൂൾ ബാർ , ബേക്കറി എന്നിവിടങ്ങളിൽ ഹെൽത്ത് സ്ക്വാഡ് ആരോഗ്യ ശുചിത്വ പരിശോധന നടത്തി. ഭക്ഷണം പാചകം ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ്, കുടിവെള്ള പരിശോധന റിപ്പോർട്ട് , മാലിന്യ നിർമ്മാർജ്ജന മാർഗ്ഗങ്ങൾ, ശുചിമുറി, പുകവലി നിരോധിത ബോർഡുകൾ എന്നിവ പരിശോധിച്ചു.
അടുക്കള വൃത്തിഹീനമായ നിലയിൽ കാണപ്പെട്ടതിനും ഭക്ഷ്യവസ്തുക്കൾ അശാസ്ത്രീയമായി കൈകാര്യം ചെയ്തതുമായ റെസ്റ്റോറൻ്റിന് 5000 രൂപ പിഴ ചുമത്തി. തുടർന്ന് സ്ക്കൂളുകളുടെ പാചകപ്പുരകൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിലും പരിശോധന നടത്തി. COTPA നിയമപ്രകാരം പുകവലി നിരോധിത ബോർഡ് സ്ഥാപിക്കാത്ത 2 സ്ഥാപനങ്ങൾക്കും പിഴ ചുമത്തി.കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ എം.ജി.സജീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ കെ.പി.സജീവൻ, നെൽസൺ.എൻ.എൻ, ദീപിക. പി , അക്ഷയ്കുമാർ . സി. പി എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നത് പൊതുജനാരോഗ്യനിയമം 2023 സെക്ഷൻ 20 (3) (1) പ്രകാരം 3 വർഷം തടവും 25000 രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണെന്നും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ പൊതുജനാരോഗ്യ നിയമമനുസരിച്ചുള്ള വിവിധ വകുപ്പുകൾ പ്രകാരം കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും കുന്ദമംഗലം ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസർ Dr. വി.അർച്ചന അറിയിച്ചു.

