തിരുവനന്തപുരം∙ എല്‍ഡിഎഫില്‍ നിന്നു വിഴിഞ്ഞം തിരിച്ചു പിടിച്ച് യുഡിഎഫ്. 83 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി കെ.എച്ച്. സുധീര്‍ ഖാന്‍ വിജയിച്ചത്. 2902 വോട്ടാണ് സുധീര്‍ ഖാന് ലഭിച്ചത്. വിഴിഞ്ഞം പിടിച്ചതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് 20 സീറ്റായി. എല്‍ഡിഎഫിന് 29 സീറ്റും ബിജെപിക്ക് 50 സീറ്റുമാണുള്ളത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍.നൗഷാദിന് 2819 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി സര്‍വശക്തിപുരം ബിനുവിന് 2437 വോട്ടും ലഭിച്ചു. സിപിഎം മുന്‍ കൗണ്‍സിലറും എല്‍ഡിഎഫ് വിമതനുമായ എന്‍.എ.റഷീദ് 118 വോട്ട് നേടിയത് എല്‍ഡിഎഫിനു വന്‍ തിരിച്ചടിയായി. യുഡിഎഫ് വിമതനായി കളത്തിലിറങ്ങിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി ഹിസാന്‍ ഹുസൈന്‍ 494 വോട്ട് സ്വന്തമാക്കി. കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥിക്ക് ഇവിടെ 65 വോട്ടുകൾ ലഭിച്ചു.
മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിംപാടം വാർഡിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി ജയിച്ചു. സുബൈദയാണ് 222 വോട്ടുകൾക്ക് വിജയിച്ചത്. സുബൈദക്ക് 501 വോട്ടും സ്വതന്ത്ര സ്ഥാനാർഥിക്ക് 279 വോട്ടുകളും ലഭിച്ചു. ബിജെപി സ്ഥാനാർഥിക്ക് ആകെ 14 വോട്ടുകളാണ് ഇവിടെ ലഭിച്ചത്.

