കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവിൽ യുവതിക്ക് നേരെ കൂട്ടബലാത്സംഗം. ജ്യൂസിൽ ലഹരി മരുന്ന് കലർത്തി നൽകിയാണ് 22 കാരിയെ പീഡിപ്പിച്ചതെന്നാണ് നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിൽ ചേവായൂർ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. അതിന് ശേഷമാകും അറസ്റ്റ് ചെയ്യുക.
രണ്ട് ദിവസം മുമ്പാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഏറെ കാലം മുമ്പാണ് സംഭവമെന്നാണ് യുവതി പരാതിയിൽ പറയുന്നത്. സോഷ്യൽ മീഡിയ വഴി പരിചയപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും തുടർന്ന് ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. പൊലീസിൽ പരാതി ലഭിച്ച ശേഷം വിശദ അന്വേഷണം നടത്തി. ഇന്നലെ കേസ് എടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പിന്നാലെ ഇന്ന് മൂന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു. ഇനി ഒരാൾ കൂടി പിടിയിലാകുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.