ആലപ്പുഴയിൽ എസ്.ഡി.പി.ഐ പ്രവര്ത്തകന് ഷാന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. എട്ടാം പ്രതി ചേര്‍ത്തല സ്വദേശി അഖില്‍, 12ാം പ്രതി തൃശൂര്‍ സ്വദേശി സുധീഷ്, 13ാം പ്രതി ഉമേഷ് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.പ്രതികൾ കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കാളികളായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി
ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കരുത് എന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് 15 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. മുഖ്യ പ്രതികളെ ആമ്പുലന്‍സില്‍ രക്ഷപെടുത്താന്‍ സഹായിച്ചുവെന്നതാണ് അഖിലിനെതിരെയുള്ള കുറ്റം
ഷാനിന്റെ കൊലപാതകം ആര്.എസ്.എസ് നേതാക്കളുടെ അറിവോടെ ആസൂത്രണം ചെയ്ത പ്രതികാര കൊലയാണെന്നാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ചേര്‍ത്തലയിലെ ആര്.എസ്.എസ് പ്രവര്‍ത്തകന്റെ കൊലയ്ക്ക് പകരം ഷാനിനെ കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

