ശിശുക്ഷേമ സമിതി ഏറ്റെടുത്ത പതിനാലുകാരി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പ്രതിഷേധം രൂക്ഷമാകുന്നു. കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധിച്ചു. നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യം. ശിശുക്ഷേമസമിതി സംരക്ഷണം ഏറ്റെടുത്തിനുശേഷം കുട്ടിയെ കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സമിതി സംരക്ഷണം ഏറ്റെടുത്തശേഷം കുട്ടിയെ ഒരു സ്വകാര്യ കെയര്‍ ഹോമിലേക്കാണ് കൈമാറിയത്. ഇതിനു പിന്നാലെയായിരുന്നു ദുരൂഹസാഹചര്യത്തില്‍ കുട്ടിയുടെ മരണം.
രണ്ടു വര്‍ഷം മുമ്പാണ് പെണ്‍കുട്ടി പീഡനത്തിനിരയായത്. അമ്മ സ്ഥലത്തില്ലാത്തതിനാല്‍ ശിശുക്ഷേമ സമിതി പെണ്‍കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് പച്ചാളത്തെ സ്ഥാപനത്തിലാണ് പാര്‍പ്പിച്ചിരുന്നത്. പീഡനക്കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെയാണ് കുട്ടിയുടെ മരണം. അതേസമയം, കുട്ടിക്ക് പനിയും മറ്റു അസുഖങ്ങളും ഉണ്ടായിരുന്നെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ കുട്ടിക്ക് അസുഖമായിരുന്നെന്ന വിവരം ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നാണ് ആരോപണം.
കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ മൃതദേഹം ആംബുലന്‍സില്‍ കാക്കനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കാണ് എത്തിച്ചത്. എന്നാല്‍ മൃതദേഹം ആംബുലന്‍സില്‍ നിന്നിറക്കാന്‍ സമ്മതിക്കാതെയായിരുന്നു പ്രതിഷേധം. അതേസമയം, പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും പരാതി ഉയര്‍ന്നതിനാല്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും ഡിസിപി അറിയിച്ചു.