സിസ്റ്റര്‍ അഭയ കൊലക്കേസ് വിധിക്കെതിരെ പ്രതികളായ ഫാ. തോമസ് എം. കോട്ടൂരും സിസ്റ്റര്‍ സെഫിയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി. രാമന്‍പിള്ള മുഖേനയാണ് അപ്പീല്‍ നല്‍കുന്നത്. സാക്ഷിമൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള കൊലക്കുറ്റം നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് പ്രതികള്‍ ഉയര്‍ത്തുന്നത്. അപ്പീല്‍ തീര്‍പ്പാക്കുന്നതുവരെ ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്നും പ്രതികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടും.
കേസില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്ന് പ്രതികള്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാകും അപ്പീല്‍ സമര്‍പ്പിക്കുക. സിബിഐ കോടതിയുടെ വിധി റദ്ദാക്കണമെന്നായിരിക്കും അപ്പീലിലെ പ്രധാന ആവശ്യം. സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും തടവിന് ശിക്ഷിച്ചിരുന്നു. ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302, 201 വകുപ്പുകള്‍ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങള്‍ക്കാണ് ശിക്ഷ. സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ. ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വര്‍ഷം തടവും ഇരുവര്‍ക്കും വിധിച്ചിട്ടുണ്ട്.