തിരുവനന്തപുരം: ഹെലിപാഡില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിന്റെ ചുഴിയില്‍പ്പെട്ട് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജ(45)യ്ക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ നിര്‍ദേശ പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സൗജന്യ ചികിത്സ നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ് അറിയിച്ചു.
ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. ആരോഗ്യ വകുപ്പ് മന്ത്രി പറഞ്ഞ ദിവസം മുതലുള്ള എല്ലാതരം വിലകൂടിയ മരുന്നുകളടക്കമുള്ള ചികിത്സകളും സൗജന്യമായാണ് നല്‍കിയത്. അതിന് മുമ്പ് ചെലവായെന്ന് പറയുന്ന ശസ്ത്രക്രിയ്ക്കായി വാങ്ങിയ ഉപകരണത്തിന്റെ ബില്ല് എത്ര രൂപയാണെങ്കിലും കൊണ്ടു വരുന്ന മുറയ്ക്ക് അത് റീഫണ്ട് ചെയ്ത് കൊടുക്കുന്നതാണ്. മെഡിക്കല്‍ കോളേജ് നഴ്‌സിംഗ് ഓഫീസറും, നഴ്‌സിംഗ് സൂപ്രണ്ടും ആശുപത്രിയില്‍ വച്ച് ഗിരിജയെക്കണ്ട് ഇക്കാര്യം വിശദീകരിച്ചതായും സൂപ്രണ്ട് വ്യക്തമാക്കി.
വര്‍ക്കലയില്‍ തുടര്‍ചികിത്സയിലുള്ള ഗിരിജയെ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഫോണ്‍ വിളിച്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചികിത്സാ സൗജന്യം കിട്ടിയിരുന്നു എന്ന് തന്നെയാണ് ഗിരിജയും സമ്മതിക്കുന്നുത്. അതിന് മുമ്പ് ചെലവായത് 6,000 രൂപയാണെന്നാണ് ഗിരിജ പറയുന്നത്. ബില്ല് കൊണ്ടു വരുന്ന മുറയ്ക്ക് ഉടന്‍ തന്നെ എത്രയായാലും ആ തുക തിരികെ നല്‍കുന്നതാണെന്ന് സൂപ്രണ്ട് ഗിരിജയെ അറിയിച്ചിട്ടുണ്ട്.