റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടെടുപ്പ് നാളെ. 43 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 685 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജാര്‍ക്കണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തുടങ്ങിയവര്‍ പ്രചാരണം നയിച്ചു. ആദിവാസി വോട്ടുകളില്‍ കണ്ണുനട്ട് വിവിധ പദ്ധതികളാണ് ഇന്‍ഡ്യാ സഖ്യവും ബി.ജെ.പിയും ജാര്‍ക്കണ്ടില്‍ പ്രഖ്യാപിച്ചത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നുഴഞ്ഞുകയറ്റവും അഴിമതിയും ബി.ജെ.പി ആയുധമാക്കിയപ്പോള്‍ ജാതി സെന്‍സസും ആദിവാസി ക്ഷേമവുമാണ് ഇന്‍ഡ്യാ സഖ്യം മുഖ്യമായും ഉയര്‍ത്തിപ്പിടിച്ചത്. അവശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23ന്. ക്രമസമാധാനത്തിനായി 200 കമ്പനി സുരക്ഷാ സേനയെയും വിന്യസിച്ചു കഴിഞ്ഞു.