ടി-20യ്ക്ക് പിന്നാലെ ഏകദിനത്തിലും രോഹിത് ശർമ ഇന്ത്യയുടെ ക്യാപ്റ്റനായേക്കുമെന്ന് സൂചന നൽകി ബിസിസിഐ. ക്യാപ്റ്റൻ സ്ഥാനം കോഹ്ലിയുടെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്നും അതിനാൽ അദ്ദേഹത്തെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി രോഹിതിനെ ക്യാപ്റ്റൻ സ്ഥാനം ഏല്പിക്കാൻ ശ്രമിക്കുന്നുണ്ട് എന്നുമാണ് വിവരം. 2023ൽ ഏകദിന ലോകകപ്പ് ഉള്ളതിനാൽ മാറ്റം എത്രയും പെട്ടെന്നുണ്ടാകുമെന്നാണ് റിപ്പോർട്ട്.
ക്യാപ്റ്റൻ സ്ഥാനം മൂലം കോഹ്ലിയുടെ ബാറ്റിംഗ് ന് പഴയതുപോലെ കരുത്തില്ല എന്നാണ് ബിസിസിഐയുടെ നിരീക്ഷണം. ക്യാപ്റ്റൻ ചുമതലകൾ കോഹ്ലിയിൽ നിന്ന് മാറ്റിയാൽ താരം തിരികെ ഫോമിലെത്തിയേക്കുമെന്നാണ് കണക്ക് കൂട്ടൽ.
രോഹിതിനെ ക്യാപ്റ്റനാക്കി ലോകേഷ് രാഹുലിനെ വൈസ് ക്യാപ്റ്റനാക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ രോഹിതാവും ഇന്ത്യൻ ക്യാപ്റ്റൻ. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. 2023ന് ഇന്ത്യയിൽ ആരംഭിക്കുന്ന ലോകകപ്പിൽ മികച്ച പ്രകടനം നടത്താനായി രോഹിതിനും ദ്രാവിഡിനും സമയം നൽകേണ്ടതുണ്ട്. അതിനാൽ, പറ്റിയ ടീമിനെ തിരഞ്ഞെടുക്കുന്നതിന് അവർക്ക് സമയം നൽകാനായാണ് ഉടൻ രോഹിതിനെ ക്യാപ്റ്റനാക്കാൻ ബിസിസിഐ ശ്രമിക്കുന്നത്.