ഗൂഗിൾ ഫോട്ടോസിൻ്റെ ക്ലൗഡ് സ്റ്റോറേജ് സൗജന്യ സേവനം അവസാനിപ്പിക്കുന്നു. വരുന്ന ജൂൺ മാസം ഒന്നാം തീയതി മുതൽ ഇത് നടപ്പിൽ വരും. 15 ജിബിയ്ക്ക് മുകളിലുള്ള സ്റ്റോറേജിന് ഇനി മുതൽ പണം നൽകണമെന്ന് ഗൂഗിൾ വാർത്താകുറിപ്പിലൂടെ അറിയിച്ചു. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾ തങ്ങളുടെ ചിത്രങ്ങളും മറ്റും സൂക്ഷിച്ചു വെക്കാൻ ഉപയോഗിച്ചിരുന്ന ഏറ്റവും ജനപ്രിയ ആപ്ലിക്കേഷനായിരുന്നു ഗൂഗിൾ ഫോട്ടോസ്.
15 ജിബിയ്ക്ക് മുകളിൽ സ്റ്റോറേജ് സ്പേസ് കിട്ടണമെങ്കിൽ ഇനി പ്രതിമാസം പണം നൽകണം. ഗൂഗിൾ വൺ വഴിയാണ് സബ്സ്ക്രൈബ് ചെയ്യേണ്ടത്. 100 ജിബി അധിക സ്റ്റോറേജ് ലഭിക്കണമെങ്കിൽ പ്രതിമാസം 130 രൂപ വീതം നൽകണം.
ഒരു വർഷത്തേക്കാണ് സബ്സ്ക്രൈബ് ചെയ്യുന്നതെങ്കിൽ 1300 രൂപ നൽകണം. 200 ജിബിക്ക് മാസം തോറും 210 രൂപയും വർഷം 2100 രൂപയും നൽകണം.
രണ്ട് ടിബി സ്റ്റോറേജിന് പ്രതിമാസം 650 രൂപയും ഒരു വർഷത്തേക്ക് 6500 രൂപയുമാണ് നൽകേണ്ടി വരിക.അതേസമയം, ജിമെയിലിലും ഗൂഗിൾ ക്ലൗഡിലും ശേഖരിച്ചുവെച്ചിരിക്കുന്ന വിവരങ്ങൾ, രണ്ട് വർഷമായി ആക്ടീവല്ലെങ്കിൽ നീക്കം ചെയ്യപ്പെടുമെന്നും ഗൂഗിൾ അറിയിച്ചു. ഇവ നീക്കം ചെയ്യുന്നതിനു മുൻപ് അറിയിപ്പ് നൽകുമെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ അക്കൗണ്ട് സന്ദർശിച്ചില്ലെങ്കിൽ വിവരങ്ങൾ ഡിലീറ്റ് ചെയ്യുമെന്നും ഗൂഗിൾ വിശദീകരിച്ചു.