സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിനെയും മുഖ്യമന്ത്രിയുടെ ഓഫിസിനെയും പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അന്വേഷണ ഏജന്‍സികള്‍ കൂട്ടുപിടിക്കുന്നത് സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളാണ്. എസ്ബിഐ യിലും ഫെഡറല്‍ ബാങ്കിലും ഉണ്ടായിരുന്ന രണ്ടു ലോക്കറുകളില്‍ നിന്നും ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും പിടിച്ചെടുത്തതാണ് അന്വേഷണ ഏജന്‍സികളടെ കൈവശമുള്ള ‘പ്രധാന തെളിവ്’. എന്നാല്‍ ഈ പണത്തിന്റെ കാര്യത്തില്‍ രണ്ട് അന്വേഷണ ഏജന്‍സികള്‍ രണ്ട് അഭിപ്രായം പറയുന്നത് ആശയക്കുഴപ്പം ഉണ്ടാക്കുകയാണ്. സ്വര്‍ണക്കടത്തില്‍ നിന്നും കിട്ടിയ പണമാണ് എസ്ബിഐ ലോക്കറില്‍ ഉണ്ടായിരുന്ന 64 ലക്ഷവും ഫെഡറല്‍ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്ന 36.50 ലക്ഷവും എന്നാണ് എന്‍ ഐ എ കോടതിയില്‍ കൊടുത്ത റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്‍ഫോഴ്സ്മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്, ഈ പണം ലൈഫ് മിഷന്‍ അടക്കമുള്ള സര്‍ക്കാര്‍ കാരാറുകള്‍ക്ക് കിട്ടിയ കമ്മീഷനാണെന്ന്. എന്‍ഐഎയുടെ കുറ്റപത്രത്തിലെ പതിനാലം പേജില്‍ പറയുന്നത്; നയതന്ത്ര ബാഗേജുകളിലൂടെ സ്വര്‍ണ കള്ളക്കടത്ത് നടത്തിയതില്‍ എ -2(സ്വപ്ന പ്രഭ സുരേഷ്) നേരിട്ട് പങ്കാളിയാണ്. കള്ളക്കടത്തില്‍ നിന്ന് ലാഭകരമായ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. കള്ളക്കടത്തില്‍ നിന്ന് ലഭിച്ച വരുമാനം സ്വര്‍ണ്ണത്തിന്റെയും പണത്തിന്റെയും രൂപത്തില്‍ ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ഇത് കൊച്ചിയിലെ എന്‍ഐഎ ഇതിനകം പിടിച്ചെടുത്തിട്ടുണ്ട്’ എന്നാണ്.
എന്നാല്‍,ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാന്‍ വേണ്ടി എന്‍ഫോഴ്സ്മെന്റ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത് നേരെ മറിച്ചാണ്. ലോക്കറില്‍ നിന്നും എന്‍ ഐ എ പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട് ഖാലിദ്(യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥന്‍) സ്വപ്ന സുരേഷിന് നല്‍കിയ പണമായിരുന്നുവെന്നും ഇത് ശിവശങ്കറിനുള്ള കൈക്കൂലിയായിരുന്നുവെന്നുമാണ്. ശിവശങ്കറിന്റെ ആവശ്യപ്രകാരം സ്വപ്ന തുറന്ന ലോക്കറിലായിരുന്നു 64 ലക്ഷം രൂപ ഉണ്ടായിരുന്നത്. ലൈഫ് മിഷന്‍ അടക്കമുള്ള കരാറുകള്‍ ലഭ്യമാക്കാന്‍ സഹായിച്ചതിനാണ് കമ്മീഷന്‍ കിട്ടിയത്. പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ ശിവശങ്കര്‍ സ്വപ്നയ്ക്ക് കൈമാറുകയും സ്വപ്ന ഇത് കമ്പനികള്‍ക്ക് നല്‍കി കരാര്‍ ലഭിക്കാനുള്ള വഴിയൊരുക്കി കൊടുത്തതിന് കിട്ടിയതാണ് കമ്മീഷന്‍ എന്നാണ് ഇഡി പറയുന്നത്. ഇത്തരത്തില്‍ കിട്ടിയ കമ്മീഷന്റെ ഒരു പങ്ക് ശിവശങ്കറിനുള്ളതായിരുന്നു. ആ പണമാണ്, ശിവശങ്കറിന്റെ ആവശ്യപ്രകാരം തുറന്ന ലോക്കറില്‍ സ്വപ്ന സൂക്ഷിച്ചിരുന്നതെന്നും ഇഡി പറയുന്നു.
ഒരേ പണത്തെക്കുറിച്ച് രണ്ട് ഏജന്‍സികള്‍ രണ്ടു തരത്തില്‍ വാദങ്ങള്‍ ഉയര്‍ത്തുന്നത് എന്തുകൊണ്ടാണെന്നതിന് വ്യക്തതയില്ല. കള്ളക്കടത്ത് നടത്തിയും കരാറുകള്‍ നല്‍കിയും കുറ്റാരോപിതര്‍ പണം സമ്പാദിച്ചു എന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് കോടതിയെ ബോധ്യപ്പെടുത്താന്‍ തെളിവ് വേണം. നാലു മാസത്തിലേറെയായ അന്വേഷണങ്ങളില്‍ ഇതുവരെ കേന്ദ്ര ഏജന്‍സികള്‍ക്ക് ലഭിച്ചിരിക്കുന്ന ഏക തെളിവ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്നും കണ്ടെത്തിയ പണം മാത്രമാണ്. എന്നാല്‍ ഇതിന്റെ ഉറവിടം ഏതാണെന്ന കാര്യത്തില്‍ ഇപ്പോഴും സംശയങ്ങള്‍ ബാക്കി നില്‍ക്കുകയും ചെയ്യുന്നു. എന്‍ ഐ എ റിപ്പോര്‍ട്ടിനെ തള്ളുന്നതാണ് ഇഡി ഇപ്പോള്‍ പറയുന്ന വാദങ്ങള്‍. കടത്തിയെന്നു പറയുന്ന സ്വര്‍ണത്തിന്റെ അളവ് പരിശോധിച്ചാല്‍ ഇത്രയും തുക കമ്മീഷനായി കിട്ടാന്‍ സാധ്യതയില്ലെന്നാണ് എന്‍ഫോഴ്സ്മെന്റ് വാദിക്കുന്നത്. അങ്ങനെ വരുമ്പോള്‍ ലൈഫ് മിഷന്‍,കെ-ഫോണ്‍ തുടങ്ങിയ സര്‍ക്കാര്‍ പദ്ധതികളുടെ കരാറുകളുമായി ബന്ധപ്പെട്ട കമ്മീഷന്‍ പണം കൂടി ലോക്കറില്‍ ഉണ്ടാകുമെന്ന സിദ്ധാന്തമാണ് അവര്‍ക്കുള്ളത്. സ്വപ്നയുടെ മൊഴിയും ശിവശങ്കറും സ്വപ്നയും തമ്മില്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും ഇക്കാര്യങ്ങള്‍ തെളിയിക്കുന്നുണ്ടെന്നാണ് ഇഡി അവകാശപ്പെടുന്നതും. അങ്ങനെ വരുമ്പോള്‍ എന്‍ ഐ എയുടെ കണ്ടെത്തിലിന്റെ അടിസ്ഥാനം എന്തായിരുന്നുവെന്ന ചോദ്യം ബാക്കിയാവുന്നു. ഈ വൈരുദ്ധ്യങ്ങള്‍ കോടതിയില്‍ എങ്ങനെ പരിഹരിക്കുമെന്ന സംശയവും.