വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ നങ്കൂരമിട്ടു. ചൈനീസ് ചരക്കു കപ്പലായ ഷെൻഹുവ 15 ആണ് തീരം തൊട്ടത്. കപ്പലിനെ വാട്ടർസല്യൂട്ട് നൽകി സ്വീകരിച്ചു. ഓഗസ്റ്റ് മുപ്പതിന് ഷാങ്ഹായ് തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പലാണ് ഒന്നരമാസത്തെ യാത്ര പൂർത്തിയാക്കി തീരം തൊട്ടത്. ഈ മാസം 15നാണ് കപ്പൽ ഔദ്യോഗികമായി സ്വീകരിക്കുക. അന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കപ്പൽ സ്വീകരിക്കുക. കപ്പലിലുള്ള ക്രെയിനുകളും അന്നാണ് പുറത്തിറക്കുക. ഇതിന് പിന്നാലെ ക്രെയിനുകളുമായി മറ്റ് കപ്പലുകളും എത്തും.
രാജ്യത്തെ തുറമുഖങ്ങളിൽ ഇന്നുപയോഗിക്കുന്നതിൽ ഏറ്റവും വലിയ ഷിപ് ടു ഷോർ ക്രെയിനുമായാണ് കപ്പലെത്തിയത്. 94.78 മീറ്റർ ഉയരമുള്ള ക്രെയിൻ പ്രവർത്തിപ്പിച്ച് കപ്പലിൽ 72 മീറ്റർ അകലെയുള്ള കണ്ടെയ്നർ വരെ എടുക്കാനാകും. കപ്പലിൽനിന്നും കണ്ടെയ്നർ ഇറക്കുകയും, കപ്പലിലേക്കു കയറ്റുകയുമാണു ഷിപ് ടു ഷോർ ക്രെയിൻ അഥവാ റെയിൽ മൗണ്ടഡ് ക്വേയ് ക്രെയിനിന്റെ ഉപയോഗം
34 വർഷം പ്രായമുള്ള കപ്പലാണു ഷെൻഹുവ 15. ക്രെയിനുകൾ വഹിക്കുന്നതിനായി പ്രത്യേകം രൂപകൽപന ചെയ്തതാണു ഷെൻഹുവ 15. 233.6 മീറ്ററാണ് കപ്പലിന്റെ നീളം. വീതി 42 മീറ്റർ. 20 മീറ്റർ വരെ ആഴവുമുണ്ട്. ആദ്യ ചരക്കു കപ്പലിനെ കരയിലെത്തിക്കാൻ മൂന്നു ടഗ് ബോട്ടുകളാണ് ഉപയോഗിച്ചത്. 70 ടൺ ശേഷിയുള്ളതാണ് ഇവ.വിഴിഞ്ഞത്തേക്ക് ആകെ 8 ഷിപ് ടു ഷോർ ക്രെയിനാണ് എത്തിക്കുക. ഇതിൽ ആദ്യത്തേതാണു ഷെൻഹുവ 15ൽ ഉള്ളത്. ഉയരം 94.78 മീറ്ററാണെങ്കിലും ഉയർത്തിവയ്ക്കുമ്പോൾ 107 മീറ്റർ ഉയരമുണ്ടാകും. 1620 ടൺ ആണു ഭാരം. 42 മീറ്റർ വീതി. 24 റെയിൽ മൗണ്ടഡ് ഗ്രാന്റി ക്രെയിനുകൾ അഥവാ ആർഎംജി ക്രെയിനുകളും വിഴിഞ്ഞത്ത് ആവശ്യം വരും.