കേരള സര്‍ക്കാരിനു വേണ്ടി സംസ്ഥാന ഐ ടി വകുപ്പ് സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുത്ത് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം – രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ഒക്ടോബര്‍ 14. പ്രകൃതി ദുരന്തത്തില്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, മോട്ടോര്‍വാഹന വകുപ്പ് രേഖകളും ചിയാക്ക്, പഞ്ചായത്ത്, രജിസ്ട്രേഷന്‍, എസ്.എസ്.എല്‍.സി തുടങ്ങിയവയുമായി ബന്ധപ്പെട്ട രേഖകള്‍ നഷ്ടമായവര്‍ക്ക് സംസ്ഥാന ഐ.ടി. മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന അദാലത്തില്‍ പങ്കെടുത്ത് നഷ്ടമായ സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാം. ഇതിനായി കേരള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സിറ്റിസണ്‍ കാള്‍ സെന്റര്‍ നമ്പറായ 0471-155300 ല്‍ ബന്ധപ്പെട്ട് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ നല്‍കി അപേക്ഷ രജിസ്റ്റര്‍ ചെയ്യാം. അവസാന തീയ്യതി ഒക്ടോബര്‍ 14. തുടര്‍ന്ന് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അദാലത്തിലൂടെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യും. വിവരങ്ങള്‍ നേരത്തെ രജിസ്റ്റര്‍ ചെയ്താല്‍ സര്‍ട്ടിഫിക്കറ്റ്‌സ് തിരികെ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കാനാവും.
കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനം
കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിലെ ബ്രാഞ്ച് മാനേജര്‍ (കാറ്റഗറി നം. 433/2009, 434/2009) തസ്തികയുടെ 2019 സെപ്തംബര്‍ 27 ന് പ്രസിദ്ധീകരിച്ച കൂട്ടിചേര്‍ക്കല്‍ വിജ്ഞാപനത്തിന്റെ പകര്‍പ്പ് പി.എസ്.സി പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ പരിശോധനക്ക് ലഭിക്കും.
സി.ഡിറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സി.ഇ.പി കോഴ്‌സുകളുടെ 2019 ജൂണ്‍ മാസം നടത്തിയ പരീക്ഷയുടെ ഫലം www.tet.cdit.org വെബ്‌സൈറ്റില്‍ ലഭിക്കും. പുനര്‍മൂല്യനിര്‍ണയത്തിനായി ഒക്‌ടോബര്‍ 15 വരെ അപേക്ഷിക്കാമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.
അംശദായം : ഡിസംബര്‍ 31 വരെ ഒടുക്കാം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വം എടുത്തതിന് ശേഷം അംശദായം ഒടുക്കുന്നതില്‍ മുടക്കം വരുത്തിയ അംഗങ്ങള്‍ക്ക് കുടിശ്ശിക തുക 9 ശതമാനം പലിശയോടു കൂടി ഡിസംബര്‍ 31 വരെ ഒടുക്കാവുന്നതാണ് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
