ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ജില്ലയില്‍
ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് (ഒക്‌ടോബര്‍ 12) വൈകീട്ട് അഞ്ച് മണിക്ക് കാക്കൂര്‍ കുടുംബശ്രീ സി.ഡി.എസിനുള്ള അനുമോദന ചടങ്ങില്‍ പങ്കെടുക്കും.
പ്രവാസി പുനരധിവാസ വായ്പാ സംരംഭകത്വ പരിശീലനവും യോഗ്യതാ നിര്‍ണയവും
പ്രവാസി പുനരധിവാസ പദ്ധതിയിന്‍ (NDPREM) കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹകരണത്തോടെ സംരംഭങ്ങള്‍ തുടങ്ങുന്നതിനായി മൂലധന/പലിശ സബ്‌സിഡിയുള്ള വായ്പ ലഭ്യമാക്കുന്നതിനുള്ള അര്‍ഹതാ നിര്‍ണ്ണയ ക്യാമ്പ് ഒക്‌ടോബര്‍ 15 ന് രാവിലെ 10 മണിക്ക് കോഴിക്കോട് കല്ലായി റോഡിലെ സ്‌നേഹാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും.
നഗരസഭ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ വി.കെ.രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. കെ.ഡി.സി. ബാങ്ക് ജനറല്‍ മാനേജര്‍ കെ.പി.അജയകുമാര്‍, വാര്‍ഡ് അംഗം പി.എം. നിയാസ്, സി.എം.ഡി ഡയറക്ടര്‍ ഡോ. ജി. സുരേഷ്, നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും. പ്രവാസത്തിനു ശേഷം നാട്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ പരിചയപ്പെടുത്തും. യോഗ്യരായ അപേക്ഷകര്‍ക്ക് വായ്പ അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ അന്നേ ദിവസം തന്നെ പൂര്‍ത്തിയാക്കുന്നതുമാണ.് അഭിരുചിയുള്ളവര്‍ക്ക് പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി. എം. ഡി യിലെ വിദഗ്ധര്‍ നല്‍കും.
കോഴിക്കോട് ജില്ലാസഹകരണ ബാങ്ക് പുതിയതായി തുടങ്ങിയ പ്രവാസി മിത്രാ വായ്പാ പദ്ധതി പ്രകാരമുള്ള വായ്പകള്‍ നോര്‍ക്കയുടെ ശുപാര്‍ശ പ്രകാരം അര്‍ഹരായവര്‍ക്ക് ലഭിക്കും. സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന ഈ പദ്ധതിയിന്‍ കീഴില്‍ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ തങ്ങള്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെ കുറിച്ചുള്ള അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും കുറഞ്ഞത് രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും മൂന്ന് പാസ്സ്‌പോര്‍ട്ട് സൈസ്സ് ഫോട്ടോയും കൈയ്യില്‍ കരുതണം.
താല്പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org ല്‍ മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും ഓഡിറ്റോറിയത്തില്‍ കൃത്യ സമയത്ത് എത്തിചേരുകയും വേണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സി.എം.ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും നോര്‍ക്ക റൂട്ട്‌സിന്റെ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ടോള്‍ഫ്രീ നമ്പരിലും 0495-2304885,2304882 നമ്പരിലും ലഭിക്കും.
നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന ഖത്തറില്‍ അവസരം
ഖത്തറിലെ നസീം അല്‍ റബീഹ് ആശുപത്രിയിലേക്ക് നഴ്‌സുമാര്‍ക്ക് നോര്‍ക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗില്‍ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എന്‍ എം) ഉള്ള വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാം. ഒ. പി, അത്യാഹിതം, ഗൈനക്കോളജി, ഡെന്റല്‍ എന്നീ വിഭാഗങ്ങളിലൊന്നില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവും 30 വയസ്സില്‍ താഴെ പ്രായവുമുള്ളവര്‍ക്കാണ് അവസരം. ശമ്പളം 3640 ഖത്തര്‍ റിയാല്‍ (ഏകദേശം 70,000 രൂപ). ഖത്തര്‍ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 17. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.orgലൂടെ അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം) ലഭിക്കും.
സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കും
മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ഒക്‌ടോബര്‍ 17 ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ഉണ്ടായിരിക്കുമെന്ന് നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ അറിയിച്ചു. സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യേണ്ടവര്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുന്‍പായി ഓഫീസില്‍ എത്തിച്ചേരുകയും മുന്‍കൂറായിwww.norkaroots.org ല്‍ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം.
അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ താല്‍ക്കാലിക നിയമനം
2019-20 സാമ്പത്തിക വര്‍ഷത്തെ ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപനവുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ അക്വാകള്‍ച്ചര്‍ പ്രൊമോട്ടറുടെ ഒരു ഒഴിവിലേക്ക് നിയമനം നടത്തുന്നു.
20 നും 56 നും ഇടയ്ക്ക് പ്രായമുള്ള വി.എച്ച്.എസ്.സി. (ഫിഷറീസ്) അല്ലെങ്കില്‍ ബിരുദം (ഫിഷറീസ്/സൂവോളജി) അല്ലെങ്കില്‍ എസ്.എസ്.എല്‍.സി.യും മൂന്ന് വര്‍ഷത്തില്‍ കുറയാത്ത അക്വാകള്‍ച്ചര്‍ സെക്ടറിലുള്ള (ഗവണ്‍മെന്റ് വകുപ്പുകള്‍/ സ്ഥാപനങ്ങള്‍) പരിചയമുള്ളവരും വടകര താലൂക്ക് നിവാസികളുമായ ഉദേ്യാഗാര്‍ഥികള്‍ക്ക് ഒക്‌ടോബര്‍ 16 ന് രാവിലെ 11 മണിക്ക് വടകര മുനിസിപ്പാലിറ്റി ഹാളില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും (പകര്‍പ്പുകള്‍ ഉള്‍പ്പെടെ) ഹാജറാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0495 – 2381430, 0495-2383780.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കൊയിലാണ്ടി ഗല. ഐ.ടി.ഐ യില്‍ മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍എസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഓട്ടോ മൊബൈല്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും, കൂടാതെ എല്‍.എം.വി ലൈസന്‍സും ഉളളവരായിരിക്കണം. താല്‍പര്യുമുളളവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങളുമായി ഒക്‌ടോബര്‍ 15 ന് 11 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ – 0496 2631129
ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു
ജില്ലാതലത്തില്‍ വിമുക്ത ഭടന്‍മാരുടെ മക്കള്‍ക്ക് സൈനികക്ഷേമ വകുപ്പ് മുഖേന ബ്രൈറ്റ് സ്റ്റുഡന്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നു. കേരളത്തിലെ അംഗീകൃത വിദ്യാലയങ്ങള്‍/യൂണിവേഴ്സിറ്റികള്‍ നടത്തുന്ന എസ്.എസ്.എല്‍.സി മുതല്‍ പോസ്റ്റ് ഗ്രാജ്യുവേഷന്‍ വരെ/ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ഉല്‍പ്പെടെ റഗുലര്‍ ആയി പഠിക്കുന്ന, കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കുറവുള്ള, മുന്‍ അധ്യയന വര്‍ഷത്തെ പരീക്ഷയില്‍ അന്‍പത് ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ലഭിച്ച, മറ്റു സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാത്തവര്‍ക്കാണ് അര്‍ഹത. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10,11,12. ക്ലാസുകള്‍ക്ക് നവംബര്‍ 15 ഉം മറ്റുളള കോഴ്‌സുകളള്‍ക്ക് ഡിസംബര്‍ 15 ഉം ആണ്. ഫോണ്‍ -0495 2771881.
കാട വളര്‍ത്തല്‍ പരിശീലനം
കണ്ണൂര്‍ ജില്ലാ മൃഗാശുപത്രി കോമ്പൌണ്ടിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഒക്ടോബര്‍ 18 ന് കാട വളര്‍ത്തല്‍ പരിശീലനം നല്‍കുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒക്‌ടോബര്‍ 14 ന് രാവിലെ 10 മുതല്‍ അഞ്ച് വരെ ഫോണ്‍ മുഖാന്തിരം പരിശീലന കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് പ്രിന്‍സിപ്പല്‍ ട്രെയിനിംഗ് ഓഫീസര്‍ അറിയിച്ചു. പേര്‍ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 50 പേര്‍ക്കാണ് അവസരം. ഫോണ്‍ നം – 04972- 763473.