തിരുവനന്തപുരം: എഡിജിപി എം.ആര്‍ അജിത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരുവട്ടം പറഞ്ഞാലും പലവട്ടം പറഞ്ഞാലും നിലപാട് നിലപാടാണ്. എന്തിനാണ് നിരന്തരമായി എഡിജിപി ആര്‍എസ്എസിന്റെ നേതാക്കളെ കാണുന്നതെന്നും ബിനോയ് വിശ്വം ചോദിച്ചു.
‘ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണ്? എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് മനസിലാക്കാം. അതിനര്‍ത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച എംഎം ഹസനോടും രൂക്ഷമായ പ്രതികരണമാണ് ബിനോയ് വിശ്വം നടത്തിയത്. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ കരുത്തുറ്റ ഭാഗമാണ് സിപിഐ. ആരെങ്കിലും ഞൊടിച്ചുവിളിച്ചാല്‍ പോകുന്നതല്ല സിപിഐ നിലപാട്. ഇടതുപക്ഷത്തിന്റെ ശരികളെ ഉയര്‍ത്തിപ്പിടിക്കേണ്ട പാര്‍ട്ടിയാണ് സിപിഐയെന്നും അദ്ദേഹം പറഞ്ഞു.