ഡയാലിസിസുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും വൈകുന്നതിലും പ്രതിഷേധിച്ച് രോഗികളും ബന്ധുക്കളും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉപരോധ സമരം നടത്തി. ആശുപത്രി ആര്‍എംഒ ഡോ നോബിള്‍ ജെ തൈക്കാട്ടിലിനെയാണ് ഉപരോധിച്ചത്. അതേസമയം അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പുതിയ നാല് മെഷീനുകള്‍ എത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.ആഴ്ചയില്‍ രണ്ടു മൂന്നും ഡയാലിസിസ് ഉള്ളവര്‍ക്കു പോലും അവയുടെ എണ്ണം കുത്തനെ കുറച്ചതും നല്‍കുന്നവ കൃത്യമായി ലഭ്യമാക്കാത്തതുമാണ് പ്രതിഷേധ സമരത്തിന് ഇടയാക്കിയത്. ആശുപത്രിയിലുള്ള ഡയാലിസിസ് മെഷീനുകളില്‍ പത്തില്‍ അഞ്ചെണ്ണവും കേടായിരിക്കുകയാണ്. ഇതെത്തുടര്‍ന്നാണ് ഡയാലിസിസ് ചെയ്യേണ്ടവര്‍ക്ക് എണ്ണം കുറച്ചത്. ആഴ്ചയില്‍ രണ്ടും മൂന്നും ഡയാലിസിസ് ചെയ്യേണ്ടവര്‍ക്ക് ഒന്നായി കുറയ്‌ക്കേണ്ട സ്ഥിതിയായി. അതുപോലും കൃത്യമായി നല്‍കാനാവുന്നില്ല. 35 ഓളം പേരാണ് ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് നടത്തുന്നത്.സ്വകാര്യ മേഖലയിലെ ഡയാലിസിസ് കേന്ദ്രങ്ങളെ സഹായിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് രോഗികളുടെ ആരോപണം. ആഴ്ചയില്‍ മൂന്നു ഡയലാസിസ് നടത്തേണ്ടവര്‍ അത് കിട്ടാതെ വരുമ്പോള്‍ സ്വാഭാവികമായും സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്വകാര്യ ആശുപത്രികളിലെ ഡയാലിസിസ് വളരെ ബുദ്ധിമുട്ടാണ്.പത്തില്‍ അഞ്ചു മെഷീനുകള്‍ കേടാണ്. അതുകൊണ്ടാണ് ഡയാലിസിസുകള്‍ നിയന്ത്രിക്കേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഉപരോധ സമരത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു.