പാക് അധീന കശ്മീര്‍ അടുത്തു തന്നെ ഇന്ത്യയുമായി ലയിക്കുമെന്ന് കേന്ദ്രമന്ത്രിയും കരസേനാ മുന്‍ മേധാവിയുമായ വി.കെ. സിങ്. പാക് അധീന കശ്മീരിനെ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന് പ്രദേശത്തെ ജനങ്ങള്‍ ആവശ്യപ്പെടുന്ന നിലക്ക്, അക്കാര്യത്തില്‍ ബി.ജെ.പി.യുടെ നിലപാട് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കേന്ദ്രമന്ത്രി. രാജസ്ഥാനിലെ ബി.ജെ.പി.യുടെ പരിവര്‍ത്തന്‍ സങ്കല്‍പ് യാത്രയ്ക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയുടെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കണമെന്ന് പാക് അധീന കശ്മീരിലെ ഷിയാ മുസ്‌ലിംകള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംബന്ധിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ‘പാക് അധീന കശ്മീര്‍ സ്വന്തം നിലയ്ക്ക് തന്നെ ഇന്ത്യയുമായി ലയിക്കും, കുറച്ചുസമയം കാത്തിരിക്കു’ എന്നാണ് വികെ സിങ് മറുപടി നല്‍കിയത്. ഇന്ത്യയുടെ അധ്യക്ഷതയില്‍ നടന്ന ജി-20 യുടെ വിജയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഡല്‍ഹിയില്‍ നടന്ന ഉച്ചകോടി, ലോകവേദിയില്‍ ഇന്ത്യക്ക് സവിശേഷമായ ഒരു സ്ഥാനം നല്‍കിയെന്നും ലോകത്തിനു മുന്നില്‍ ഇന്ത്യ അതിന്റെ കഴിവ് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.