തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും ഹാനീകരമായ സാഹച്ചര്യം സംസ്ഥാനത്തിലെന്ന് പിണറായി വിജയൻ. ആലുവയിൽ നടന്നത്
നിർഭാഗ്യകരമായ സംഭവമാണെന്നും ഇനി അത് ആവർത്തിക്കപ്പെടാൻ പാടില്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. കുറ്റകൃത്യങ്ങൾ നടത്തുന്നവരെ അടിച്ചമർത്തുമെന്നും ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തരവകുപ്പ് ഗൂഢ സംഘത്തിന്റെ കൈയിലെന്ന് ആരോപിച്ച പ്രതിപക്ഷത്തിനെതിരേ അദ്ദേഹം രൂക്ഷ വിമർശനമുയർത്തി ‘ആഭ്യന്തരവകുപ്പ് ഗൂഢ സംഘത്തിന്റെ കൈയിൽ എന്നത് പ്രത്യേക മാനസികാവസ്ഥയുടെ ഭാഗമായി പറയുന്നതാണ്. ആഭ്യന്തരവകുപ്പ് ഒരു ഗൂഢസംഘത്തിന്റേയും കൈയിൽ അല്ല, ശരിയായ രീതിയിലാണ് കാര്യങ്ങൾ നിർവഹിക്കുന്നതെന്ന് അഭിമാനകരമായി പറയാൻ സാധിക്കും’ മുഖ്യമന്ത്രി പറഞ്ഞു. ആരാണ് ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരൻ എന്ന ചോദ്യം എന്തുകൊണ്ടാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം പരിശോധിച്ചാൽ സമൂഹത്തിന് അഭിമാനിക്കാവുന്ന കാര്യങ്ങളാണ് ചെയ്തു വരുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ ഒറ്റപ്പെട്ടതാണ്, അതിനെ പർവതീകരിച്ച് കേരളത്തിൽ ആകെ ഉണ്ടാകുന്നത് എന്ന നില ഉണ്ടാക്കേണ്ടതില്ല. ആഭ്യന്തരവകുപ്പിനെ നയിക്കുന്നത് ഗൂഢസംഘം എന്ന ആരോപണം ഉന്നയിച്ചത് എന്തടിസ്ഥാനത്തിലാണ്, ഏത് ഗൂഢസംഘമാണ് നയിക്കുന്നത്- മുഖ്യമന്ത്രി ചോദിച്ചു. അവരവർക്കുള്ള രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി നാടിനെയാകെ അപഹസിക്കാനും അഭിമാനകരമായ അന്തരീക്ഷം നിലനിൽക്കുന്നതിനെ താറടിച്ചു കാണിക്കാനുമുള്ള ബോധപൂർവ്വമായ നീക്കമായി മാത്രമേ ഇതിനെ കാണാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

