കാസർകോട്/തൃശൂർ : സംസ്ഥാനത്ത് രണ്ടിടത്ത് മിന്നൽ ചുഴലിയടിച്ചു. കാസർകോട്, തൃശൂർ ജില്ലകളിലാണ് ഇന്ന് വൻ മിന്നൽ ചുഴലിയുണ്ടായത്. കാസർകോട് മാന്യയിൽ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. 150 ഓളം മരങ്ങൾ കട പുഴകി വീഴുകയും വ്യാപകമായ കൃഷിനാശവും ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. തൃശൂരിൽ ചാലക്കുടി പുഴയുടെ തീരത്ത് കാറ്റിൽ വൈദ്യുതിപോസ്റ്റുകൾ തകരുകയും ചെയ്തു.
കാസർകോട് മാന്യയിലെപട്ടാജെ, മല്ലടുക്ക പ്രദേശങ്ങളിൽ ഇന്ന് പുലർച്ചെയോടെ വീശിയടിച്ച മിന്നൽ ചുഴലിക്കാറ്റിൽ വൻ നാശ നഷ്ടമാണുണ്ടായത്. അഞ്ച് വീടുകൾക്ക് കേടുപറ്റുകയും 150 ഓളം മരങ്ങൾ കട പുഴകുകയും ചെയ്തു. പ്രദേശത്തെ വൈദ്യുതി ബന്ധം അടക്കം തകരാറിലായി. ഉദയകുമാര‍് ഭട്ട്, സുബ്രഹ്മണ്യ ഭട്ട്, സുബ്ബയ്യ നായ്ക്ക് എന്നിവരുടെ വീടുകൾക്കാണ് കൂടുതൽ നാശനഷ്ടങ്ങള‍് ഉണ്ടായത്. ആർക്കും പരിക്കില്ല.
പല വീടുകൾക്ക് മുകളിലും സ്ഥാപിച്ച ഷീറ്റുകൾ കാറ്റിൽ പറന്നു പോയി. മുന്നൂറോളം വാഴകളും നിരവധി കമുകുകളും നിലപൊത്തിയിട്ടുണ്ട്. ചുഴലിക്കാറ്റിൽ അരക്കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗനമം. ആദ്യമായാണ് പ്രദേശത്ത് ഇത്തരമൊരു ചുഴലിക്കാറ്റ് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു. റവന്യൂ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
തൃശ്ശൂരിൽ ചാലക്കുടിപ്പുഴ തീരത്ത് പുലർച്ചെ മൂന്നരയോടെയാണ് കാറ്റ് വീശി അടിച്ചത്. മൂഞ്ഞേലി, തോട്ടവീഥി, കീഴ്താണി മോനിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ നാശനഷ്ടമുണ്ടായത്. ചുഴലിക്കറ്റിൽ നിരവധി മരങ്ങളും, വൈദ്യുത പോസ്റ്റും തകർന്നു. വീടുകളുടെ റൂഫിംഗ് ഷീറ്റ് പറന്നുപോയി. മോനിപ്പിള്ളി ക്ഷേത്രത്തിന്റെ മുൻവശത്തുള്ള വൻ ആൽമരം കടപുഴകി. കൃഷി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലങ്ങൾ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തുകയാണ്. കഴിഞ്ഞദിവസം മലയോര ഗ്രാമമായ വരന്തരപ്പിള്ളിയിലും മിന്നൽ ചുഴലയിൽ വൻനാശനഷ്ടം ഉണ്ടായിരുന്നു.
സംസ്ഥാനത്ത് അടുത്തിടെ മിന്നൽ ചുഴലി പതിവാവുകയാണ്. പ്രാദേശികമായി രൂപംപ്രാപിക്കുന്ന ഇത്തരം കാറ്റുകൾ പ്രവചിക്കാൻ കഴിയില്ല. മണിക്കൂറിൽ 100 കിലോമീറ്ററിന് മുകളിലാണ് ഇത്തരം കാറ്റുകളുടെ വേഗം. മൺസൂണിന് ഇടവേളകൾ വരുന്നതാണ് ഇപ്പോൾ കേരളത്തിൽ പലയിടങ്ങളിലും മിന്നൽ ചുഴലി ഉണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് വിദഗ്ധർ പറയുന്നത്.

