നിസാമുദ്ദീൻ-തിരുവനന്തപുരം ട്രെയിനിലെ മൂന്ന് വനിതാ യാത്രക്കാരെ കൊള്ളയടിച്ച സംഭവത്തിലെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. അസ്ഗർ ബാദ്ഷായാണ് കവർച്ചയ്ക്ക് പിന്നിൽ എന്നാണ് നിലവിലെ നിഗമനം.സ്ഥിരം കുറ്റവാളിയായ ഇയാളെ കണ്ടെത്താൻ തമിഴ്നാട്ടിലും കേരളത്തിലും ആർപിഎഫ് തെരച്ചിൽ തുടങ്ങി.
അന്വേഷണത്തിൻ്റെ ഭാഗമായി തീവണ്ടികളിലെ സ്ഥിരം മോഷ്ടാക്കളുടെ ചിത്രങ്ങൾ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ കാണിച്ചിരുന്നു. ഈ കൂട്ടത്തിലാണ് സ്ഥിരം കുറ്റവാളിയായ അസ്ഗർ ബാദ്ഷായെ കവർച്ചയ്ക്ക് ഇരയായ വിജയശ്രീ എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. കവർച്ചയ്ക്ക് ഇരയായ മറ്റൊരു സ്ത്രീയും താൻ സഞ്ചരിച്ച കോച്ചിൽ അസ്ഗർ ബാദ്ഷാ ഉണ്ടായിരുന്നതായി പറയുന്നു. മധുരയിലും നാഗർകോവിലിലുമടക്കം നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. നേരത്തേയും സമാനമായ തരത്തിൽ മോഷണങ്ങൾ നടത്തിയ ആളാണ് അസ്ഗർ ബാദ്ഷാ എന്ന് റെയിൽവേ പൊലീസ് പറയുന്നു.
ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് എത്തിയ നിസാമുദ്ദീൻ- തിരുവനന്തപുരം എക്സ്പ്രസ്സിലാണ് വൻ കവർച്ച നടന്നത്. തീവണ്ടിയിലെ മൂന്ന് വനിതാ യാത്രക്കാരെയാണ് മയക്കി കിടത്തി കൊള്ളയടിച്ചത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ ഗൗസല്യ എന്ന സ്ത്രീയേയുമാണ് കവർച്ചക്കിരയായത്.
കവർച്ചയ്ക്ക് ഇരയായ മൂന്ന് സ്ത്രീകളുടേയും മൊഴി പൊലീസും റെയിവേ പൊലീസും രേഖപ്പെടുത്തി.