കൊച്ചി: ഐഎസ്എല്‍ പുതിയ സീസണിന് മുന്നോടിയായി യുഎഇയില്‍ നടക്കുന്ന പ്രീ സീസണ്‍ മത്സരങ്ങള്‍ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് നാട്ടിലേക്ക് മടങ്ങുന്നു. പ്രമോട്ടര്‍മാര്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്നും ടീമിന്റെ നിലവാരം ഇടിച്ച് താഴ്ത്തുന്ന തരത്തിലുള്ള പെരുമാറ്റമാണ് അവരില്‍ നിന്ന് ഉണ്ടായതെന്നും ഉള്ള കാരണത്താലാണ് ബ്ലാസ്‌റ്റേഴ്‌സ് മടങ്ങുന്നത്. മിര്‍ച്ചി സ്‌പോര്‍ട്‌സ് ആയിരുന്നു യുഎഇയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രമോട്ടര്‍മാര്‍. ഒരേയൊരു മത്സരം മാത്രമാണ് ബ്ലാസ്റ്റേഴ്‌സ് യുഎഇയില്‍ കളിച്ചത്.
ഡിബ്ബ അല്‍ഫുജൈറ ഫുട്‌ബോള്‍ ക്ലബ്ബിനെതിരെ നടന്ന ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. നാളെ അജ്മാന്‍ ക്ലബ്ബിനെതിരെയാണ് മത്സരം തീരുമാനിച്ചിരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്ന കരാറില്‍ പറഞ്ഞ തരത്തിലുള്ള സൗകര്യങ്ങളൊന്നും മിച്ചി സ്‌പോര്‍ട്‌സ് ഒരുക്കിയില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

