വെസ്റ്റിൻഡീസിനെതിരായ മൂന്നാം ടി20-യിൽ ഇന്ത്യൻ ടീം ഏഴു വിക്കറ്റ് വിജയം നേടിയിരുന്നു. ജയിക്കാൻ 2 റൺസ് വേണ്ടിയിരിക്കെ സിക്സറടിച്ച് നായകൻ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പര 2-1 എന്ന നിലയിലാക്കാൻ ഇന്ത്യക്കായി.എന്നാൽ, മത്സരം ജയിച്ചിട്ടും ഹാർദിക് അതിരൂക്ഷ വിമർശനമാണ് നേരിടുന്നത്. ഇന്ത്യൻ നായകൻ്റെ സ്വാർത്ഥതയാണ് ഇപ്പോഴത്തെ ചർച്ചാവിഷയം.
ഹാർദിക് വേഗത്തിൽ കളി പൂർത്തിയാക്കിയതോടെ 49 റൺസുമായി മറുവശത്തുണ്ടായിരുന്ന യുവതാരം തിലക് വർമയ്ക്ക് അർധസെഞ്ചുറി നേടാനുള്ള അവസരം നഷ്ടമായി. ഇതോടെ ഒരുവിഭാഗം ആരാധകർ ഹാർദിക്കിനെതിരെ തിരിഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര .
‘ഹാർദിക് പാണ്ഡ്യയെ ചിലർ ട്രോളുകയും വിമർശിക്കുകയും ചെയ്യുന്നുണ്ട്. വിരാട് കോലി മറുവശത്ത് ഉണ്ടായിരുന്നതിനാൽ ഒരിക്കൽ എം.എസ് ധോണി ഫോർവേഡ് ഡിഫൻസീവ് ഷോട്ട് കളിച്ചത് ഞാൻ ഓർക്കുന്നു. കളി കോലി ഫിനിഷ് ചെയ്യണമെന്നായിരുന്നു ധോണിയുടെ ആഗ്രഹം. എന്നാൽ ആരാധ്യനായി കരുതിയാലും ഹാർദിക് ധോണിയാകേണ്ട ആവശ്യമില്ല’ – മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയുമായി തിലക് വർമ്മ വിഷയം ബന്ധപ്പെടുത്തി ആകാശ് ചോപ്ര പറഞ്ഞു.