പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും.രാവിലെ 11 മണിക്ക് കോട്ടയത്തെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആണ് പ്രഖ്യാപനം നടത്തുക. ജയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയായ ജെയ്ക്ക് 2016, 2021 തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചിരുന്നു. 2021ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം 9000ലേക്കു കുറയ്ക്കാൻ ജെയ്ക്കിനായി. എസ്എഫ്ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ജെയ്ക് നിലവിൽ കോട്ടയം ജില്ലാ കമ്മിറ്റി അംഗമാണ്. ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് പിന്നാലെ നടക്കുന്ന തെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മന് എതിരാളിയായാണ് ജെയ്ക്ക് മൂന്നാം അങ്കത്തിനിറങ്ങുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയെയും ഇന്നറിയാം. തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിൽ പ്രഖ്യാപനം ഉണ്ടാകും. ജില്ലാ പ്രസിഡൻറ് ലിജിൻ ലാൽ സംസ്ഥാന ജനറൽ സെക്രട്ടറിജോർജ് കുര്യൻ എന്നിവരുടെ പേരിനാണ് മുൻഗണന. കഴിഞ്ഞതവണ പുതുപ്പള്ളിയിൽ മത്സരിച്ച മധ്യമേഖല പ്രസിഡൻറ് എൻ.ഹരിയും പാർട്ടിയുടെ പരിഗണനയിലുണ്ട്.