എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെ 1995ൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ ട്രെയിനിൽ ആക്രമിച്ചെന്ന കേസിൽ ഉടൻ വാദം കേൾക്കണമെന്ന് സർക്കാർ. കേസിൽ കുറ്റവിമുക്തനാക്കണം എന്നാവശ്യപ്പെട്ടുള്ള സുധാകരന്റെ ഹർജിയിലാണ് ഉടൻ വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ മാസം 25ന് കേസിൽ അന്തിമവാദം കേൾക്കാമെന്നു ഹൈക്കോടതി അറിയിച്ചു.
1995ൽ ഇ.പി ജയരാജനെ സുധാകരൻ ട്രെയിനിൽ ആക്രമിച്ചുവെന്നാണ് കേസ്. തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസ് നടപടികൾ നടക്കുന്നത്. കേസ് നടപടികൾ റദ്ദാക്കുകയും തന്നെ കുറ്റവിമുക്തനാക്കുകുയം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് കെ. സുധാകരൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.2016ൽ കേസിലെ വിചാരണാ നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ, അടിയന്തരമായി വാദംകേൾക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചിരിക്കുകയാണ്.

