തിരുവനന്തപുരം കേശവദാസപുരത്ത് വീട്ടമ്മ മനോരമയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി കണ്ടെടുത്തു. വെള്ളിയാഴ്ച ഉച്ചയോടെ പ്രതി ആദം ആലിയുമായി നടത്തിയ തെളിവെടുപ്പിലാണ് മനോരമയുടെ വീടിന് സമീപത്തെ ഓടയില്‍നിന്ന് കത്തി കണ്ടെടുത്തത്.
രാവിലെ വന്‍ സുരക്ഷയോടെയാണ് പ്രതി ആദം അലിയെ കേശവദാസപുരത്തെ മനോരമയുടെ വീട്ടില്‍ പൊലീസ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. മെഡിക്കല്‍ കോളേജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്.
തെളിവെടുപ്പിനായി പ്രതിയെ കൊണ്ടിവരുമെന്ന് അറിഞ്ഞ് നിരവധി നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. തെളിവെടുപ്പിനായി പൊലീസ് വാഹനത്തില്‍ നിന്നും ഇറക്കിയതോടെ ആദംഅലിക്കു നേരെ നാട്ടുകാര്‍ രോഷം പ്രകടിപ്പിച്ചു. ആദം അലിയെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.
കൊലപാതക കുറ്റം സമ്മതിച്ച പ്രതി താളിയുണ്ടാക്കാന്‍ ചെമ്പരത്തി പൂ ചോദിച്ചാണ് മനോരമയുടെ വീട്ടിലേക്ക് പോയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. തെളിവെടുപ്പിനിടെ കൊലപാതകം നടത്തിയതും പിന്നീട് മൃതദേഹം ഉപേക്ഷിച്ചതുമെല്ലാം ആദം അലി പോലീസിന് മുന്നില്‍ വിശദീകരിച്ചു. മൃതദേഹം ഉപേക്ഷിച്ച തൊട്ടടുത്ത വീട്ടിലെ കിണറിന് സമീപമാണ് പ്രതിയെ ആദ്യം എത്തിച്ചത്. തുടര്‍ന്ന് മനോരമയുടെ വീടിന്റെ പുറകുവശത്ത് എത്തിച്ചും തെളിവെടുപ്പ് നടത്തി. മനോരമയുടെ വീട്ടില്‍നിന്ന് മതില്‍ ചാടി തൊട്ടടുത്ത വീട്ടുവളപ്പിലേക്ക് മൃതദേഹം എത്തിച്ചത് എങ്ങനെയാണെന്നും പ്രതി പോലീസിന് വിശദീകരിച്ചുനല്‍കി.
അതേസമയം, പ്രതി കവര്‍ന്ന സ്വര്‍ണാഭരണങ്ങള്‍ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. ഇതുസംബന്ധിച്ച് പ്രതി നല്‍കിയ മൊഴി എന്താണെന്ന് പോലീസും വ്യക്തമായിട്ടില്ല. മനോരമയെ കൊലപ്പെടുത്തിയശേഷം സംസ്ഥാനം വിട്ട ബംഗാള്‍ സ്വദേശിയായ ആദംഅലിയെ ചെന്നൈയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. മനോരമയെ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയശേഷം കിണറ്റില്‍ തള്ളുകയായിരുന്നു.