വനത്തില്‍ അതിക്രമിച്ചു കയറിയ വനിത വ്ലോഗർക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി വനം വകുപ്പ്.വ്‌ളോഗർ അമല അനുവിനെ സൈബർ സെല്ലിന്റെ കൂടി സഹായത്തോടെ അറസ്റ്റ് ചെയ്യാൻ നീക്കം നടത്തുകയാണ്.ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും അമല അനു ഹാജരാകാത്ത സാഹചര്യത്തിലാണ് അറസ്റ്റിന് വനംവകുപ്പ് നീക്കം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥർ പുനലൂരിലെ ഫോറസ്റ്റ് നിയമലംഘന കേസുകൾ പരിഗണിക്കുന്ന ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ (പുനലൂർ വനം കോടതി) വിശദമായ റിപ്പോർട്ട് നൽകി. കാട്ടിനുള്ളിൽ അതിക്രമിച്ച് കയറി കാട്ടാനയുടെ ദൃശ്യങ്ങൾ പകർത്തിയതിനാണ് അമല അനുവിനെതിരെ വനം വകുപ്പ് കേസെടുത്തത്. വനത്തിനുള്ളില്‍ അതിക്രമിച്ചു കയറി, കാട്ടാനയെ ഭയപ്പെടുത്തി ഓടിച്ചു, ഹെലിക്യാം ഉപയോഗിച്ച് കാട്ടാനയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് അനുവിനെതിരെ ചുമത്തിയിരിക്കുന്നത്. എട്ടു മാസം മുന്‍പ് മാമ്പഴത്തറ വനമേഖലയില്‍ ചിത്രീകരിച്ച ദൃശ്യങ്ങളുടെ പേരിലാണ് നടപടി.യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം അനുവിനെതിരെ അമ്പനാട് ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ അജയകുമാറാണ് കേസെടുത്തിരിക്കുന്നത്. ദൃശ്യങ്ങൾ പകർത്തുന്നതിനിടയിൽ യൂട്യൂബറെ കാട്ടാന ഓടിക്കുകയായിരുന്നു.