ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം എസ് ധോണി ഓസ്ട്രേലിയൻ ടീമിനെ അനായാസം തകർത്തെറിഞ്ഞെന്ന ആരാധകന്റെ അവകാശ വാദത്തിനു മറുപടിയുമായി മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്. ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് 48–ാം ദിനം ധോണി ട്വന്റി20 ലോകകപ്പ് സെമി ഫൈനലിൽ ഓസ്ട്രേലിയയെ തോൽപിച്ചുവെന്നും പരിശീലകരോ, മെന്ററോ ഇല്ലാതെയാണു ഇതു സാധ്യമായതെന്നുമായിരുന്നു ധോണി ആരാധകന്റെ വാദം. എന്നാൽ ഈ മത്സരങ്ങൾ ധോണി ഒറ്റയ്ക്കാണ് കളിച്ചതെന്ന് ഹർഭജൻ സിങ് ട്വിറ്ററിൽ പരിഹസിച്ചു.
‘‘അതെ, ഈ മത്സരങ്ങൾ കളിക്കുമ്പോൾ, ഇന്ത്യയിൽനിന്ന് ഈ യുവാവു മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റ് പത്തു പേരും ഇല്ലായിരുന്നു. ഒറ്റയ്ക്കാണ് അദ്ദേഹം ലോകകപ്പ് ട്രോഫികൾ വിജയിച്ചത്. ഓസ്ട്രേലിയയോ, മറ്റേതെങ്കിലും രാജ്യമോ ലോകകപ്പ് വിജയിച്ചാൽ ആ രാജ്യങ്ങൾ ജയിച്ചെന്നാണ് ഹെഡ്‍ലൈനുകൾ. എന്നാൽ ഇന്ത്യ വിജയിച്ചാൽ ക്യാപ്റ്റൻ ജയിച്ചെന്നാകും അത്. ഇതൊരു ടീം സ്പോർട്സാണ്. ജയിച്ചാലും തോറ്റാലും ഒരുമിച്ച്.’’– ഹർഭജൻ സിങ് പ്രതികരിച്ചു.
ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യ വമ്പൻ തോൽവി വഴങ്ങിയതിനു പിന്നാലെയായിരുന്നു ധോണി ആരാധകന്റെ ട്വീറ്റ്. ഇതിനു മറുപടിയുമായി ധോണിയുടെ പഴയ സഹതാരം തന്നെ നേരിട്ടെത്തിയതോടെ സംഭവം ട്വിറ്ററിൽ വൈറലായി. നിരവധി ആരാധകർ ഹർഭജൻ സിങ്ങിനെ അനുകൂലിച്ചും, എതിർത്തും ട്വീറ്റുകളുമായെത്തി.