സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചെറിയ ഉള്ളിയുടെയും ഇഞ്ചിയുടെയും വില ഇരട്ടിയായി. സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ ഇല്ലാത്തതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
നിത്യോപയോഗ സാധനങ്ങൾ വാങ്ങാൻ പുറത്തിറങ്ങിയാൽ പോക്കറ്റ് കാലിയാകും. ഇഞ്ചിവില കേട്ടാൽ നെഞ്ച് തകരും. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന വില 180ലെത്തി. ചെറിയ ഉള്ളിക്ക് നാൽപത് രൂപയായിരുന്നു വില. ഇപ്പോൾ നാല്പത് രൂപ കൊടുത്താൽ അരക്കിലോ കിട്ടും. ജീരകം, വെള്ളക്കടല ഉൾപ്പെടെ സാധനങ്ങളുടെ വില കൂടിയിട്ടുണ്ട്.
വാങ്ങുന്ന സാധനത്തിന്റെ അളവ് കുറച്ചാണ് സാധാരണക്കാർ വിലക്കയറ്റത്തെ നേരിടുന്നത്. സപ്ലൈകോ സ്റ്റോറുകളിൽ ആവശ്യമായ സാധനങ്ങൾ കിട്ടാത്തതിനാൽ പൊതുവിപണിയിലെ ഉയർന്ന വിലയ്ക്ക് പലചരക്ക് സാധനങ്ങൾ വാങ്ങാൻ സാധാരണക്കാർ നിർബന്ധിതരാകുകയാണ്.