മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയുടെ പേരില്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി രംഗത്ത്. കറുത്ത മാസ്‌ക് പോലും വിലക്കുന്നത് ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് തടസമുണ്ടാവരുതെന്നതും പ്രധാനപ്പെട്ടതാണ്. അതെല്ലാം പൊലീസ് ശ്രദ്ധിച്ചേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഒരു സുരക്ഷയും ഉണ്ടായിരുന്നില്ല, എനിക്കെതിരെ കല്ലേറു വരെ ഉണ്ടായില്ലേ. മുഖ്യമന്ത്രിയുടെ സുരക്ഷ പ്രധാനമാണ്. എന്നാല്‍ കരിങ്കോടി പ്രതിഷേധം പാടില്ല എന്നു പറയാനാവില്ല. കറുത്ത മാസ്‌ക് പോലും പാടില്ല എന്നു പറയുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇടതുപക്ഷം വഴിവിട്ട പ്രതിഷേധം നടത്തിയവരാണ് .അത്തരം പ്രതിഷേധങ്ങള്‍ ഇപ്പോഴില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
സുരക്ഷ തുടരണമോയെന്നതെല്ലാം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ഉമ്മന്‍ചാണ്ടി കൂട്ടിചേര്‍ത്തു.