കനത്ത സുരക്ഷ ഒരുക്കിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹവ്യൂഹത്തിനു മുന്നില്‍ കരിങ്കൊടി കാണിച്ചു. പുതിയ സെന്‍ട്രല്‍ ജയിലിന്റെ ഉദ്ഘാടനത്തിനായി തവനൂരിലേക്ക് പോകവേ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കുന്ദംകുളത്ത് വച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും കരിങ്കൊടി കാട്ടിയത്.
പ്രതിഷേധവും കരിങ്കൊടിയുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ജല പീരങ്കി ഉള്‍പ്പെടെ ഉപയോഗിച്ച് തടയാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. കറുത്ത മാസ്‌കും ഷര്‍ട്ടും ധരിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. കൂടാതെ പ്രതിഷേധക്കാരെ പൊലീസ് ബാരിക്കേഡ് വച്ച് തടയുകയും ചെയ്തു. ഇതിനിടെ ബാരിക്കേഡിനിടയിലൂടെ അകത്തേക്ക് കയറിയ ചിലരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഉദ്ഘാടന ശേഷം കോഴിക്കോടേക്ക് പുറപ്പെട്ട മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിക്കുന്നതിന് കുറ്റിപ്പുറത്തും നിരവധി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെനിന്ന് നിരവധി ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് നീക്കംചെയ്തു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയപ്പോള്‍ പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയ് ഉള്‍പ്പെടെ അമ്പതോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

