കോഴിക്കോട്: കേരളത്തിൽ എൽഡിഎഫിന് തുടർഭരണം ലഭിച്ചത് മുതൽ ബിജെപിയും കോൺഗ്രസിലെ ചിലരും ചേർന്ന് അതിനെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇരുവരും ചേർന്ന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷ ബദൽ ഉയർത്തുന്ന എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ലക്ഷ്യം ബിജെപി ദേശീയ നേതൃത്വത്തിനുണ്ട്. ആദ്യമായി തുടർ പ്രതിപക്ഷമായ ചില കോൺഗ്രസ് നേതാക്കൾ ഇക്കാര്യത്തിൽ ബിജെപിക്കൊപ്പം ചേരുകയാണ്. അവർക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ബിജെപി ആഗ്രഹിക്കുന്ന പണി നടപ്പിലാക്കാൻ കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും അവരുടെകൂടെ കൂടുകയാണ്. ഒരു മാസ്റ്റർ പ്ലാൻ ഇതിന്റെ ഭാഗമായി ബിജെപി സംസ്ഥാന നേതൃത്വവും കേരളത്തിലെ ചില കോൺഗ്രസ് നേതാക്കളും ചേർന്ന് തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ ഭാഗമായി എന്തിനെയും എതിർക്കുന്നു. വികസന പ്രവർത്തനങ്ങളെയും ജനക്ഷേമ പ്രവർത്തങ്ങളെയും ജനങ്ങളുടെ സുരക്ഷ ഉറപ്പാപ്പാക്കാനുള്ള നടപടികളെയും പ്രതിപക്ഷം ചാടിവീണു എതിർക്കുകയാണ്. എല്ലാവരും ഒരുമിച്ചു നിൽക്കേണ്ട ദുരന്ത സംഭവങ്ങളെപ്പോലും രാഷ്ട്രീയവൽക്കരിക്കുകയാണ്. ഇതെല്ലം ജനങ്ങൾ കൃത്യമായി മനസിലാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.