മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷയുമായി ഉദ്ധവ് താക്കറെ. നിങ്ങളുടെ ആളുകളോട് രാജിവച്ച് തിരഞ്ഞെടുപ്പ് നേരിടാൻ പറയൂവെന്ന് താക്കറെ മോദിയോട് ആവശ്യപ്പെട്ടു. വ്യക്തമായ കാരണങ്ങളില്ലാതെ ഗവർണർ ഭഗത് സിങ് കോഷിയാരി ഉദ്ധവ് സർക്കാരിനെ വിശ്വാസവോട്ടെടുപ്പിനു ക്ഷണിച്ചതു തെറ്റാണെന്ന് സുപ്രീം കോടതി വിധിപ്രസ്താവനത്തിനു പിന്നാലെയാണ് താക്കറെയുടെ ആവശ്യം.
നിലവിലെ സ്പീക്കറുടെ തിരഞ്ഞെടുപ്പ് നിയമപരമാണോ അല്ലയോ എന്ന ചോദ്യമുണ്ട്. സ്പീക്കർമാരുടെ തിരഞ്ഞെടുപ്പിന്റെ നിയമസാധുത സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ അവലോകനം ചെയ്യേണ്ടതുണ്ടെന്നും താക്കറെ പറഞ്ഞു.
ഉദ്ധവ് താക്കറെ സർക്കാരിനെ പുനഃസ്ഥാപിക്കാനാകില്ലെന്നു സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പു നേരിടാതെ രാജിവച്ചൊഴിഞ്ഞതിനാലാണ് പുനഃസ്ഥാപിക്കാൻ കഴിയാത്തതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. വിശ്വാസ വോട്ടെടുപ്പിനുള്ള ഗവർണറുടെ തീരുമാനം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനാപരമായല്ല ഗവർണർ അധികാരം ഉപയോഗിച്ചതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

