ഉത്തര കൊറിയയില്‍ ആദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ചു. പ്യോങ്യാംഗില്‍ പനി ബാധിച്ചവരില്‍ നിന്ന് ഞായറാഴ്ച ശേഖരിച്ച സാമ്പിളുകളുടെ പരിശോധനയില്‍ ഒരാള്‍ക്ക് ഒമിക്രോണ്‍ വേരിയന്റ് ബാധിച്ചുവെന്ന് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് ലീഡര്‍ കിം ജോങ് ഉന്‍ രാജ്യവ്യാപകമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.
നഗരങ്ങളും പ്രവിശ്യകളും പൂട്ടിയിടണമെന്നും വൈറസ് പടരുന്നത് തടയാന്‍ ജോലിസ്ഥലങ്ങളില്‍ ഉള്‍പ്പടെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും കിം ജോംഗ് ഉന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ ഉന്നത തല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടരക്കോടി ജനങ്ങള്‍ കഴിയുന്ന ഉത്തര കൊറിയയില്‍ നിരവധി പേര്‍ക്ക് ഇതിനോടകം തന്നെ കോവിഡ് ബാധ ഉണ്ടെന്നാണ് ആരോഗ്യനിരീക്ഷകരുടെ അഭിപ്രായം. 2020 -ല്‍ കോവിഡ് വ്യാപനമുണ്ടായപ്പോള്‍ മുതല്‍ ഉത്തര കൊറിയ സ്വീകരിച്ചിട്ടുള്ള ഒരേയൊരു പ്രതിരോധ മാര്‍ഗം അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചിടുക എന്നത് മാത്രമാണ്. ചരക്കു ഗതാഗതം പോലും ഈ സമയത്ത് നിരോധിക്കപ്പെട്ടത് കടുത്ത ആവശ്യവസ്തുക്ഷാമത്തിനും കാരണമായിട്ടുണ്ട്.
രോഗപ്രതിരോധത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ഏജന്‍സികള്‍ കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറായിരുന്നിട്ടും കിം ജോങ് ഉന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതേതുടര്‍ന്ന് രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് അന്താരാഷ്ട്ര ആരോഗ്യ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

