മദ്രസ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങില്‍ പുരസ്‌കാരം വാങ്ങാന്‍ വേദിയിലേക്ക് കയറിയ വിദ്യാര്‍ഥിനിയെ വിലക്കിയ സമസ്തക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സമസ്ത നേതാവിന്റെ നടപടിയില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയെ പൊതുവേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയായിരുന്നു. ഇതിനെതിരെ നടപടിയെടുക്കണമെന്ന് ഗവര്‍ണര്‍ ചൂണ്ടികാട്ടി. പ്രതികരിക്കാത്ത രാഷ്ട്രീയ നേതാക്കളെക്കുറിച്ച് ലജ്ജിക്കുന്നുവെന്നു അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു പെണ്‍ക്കുട്ടിയെ പരസ്യമായി അപമാനിച്ചിട്ടും കേരള സമൂഹത്തിന് പ്രതികരണമില്ലെന്ന് ഗവര്‍ണര്‍ ആഞ്ഞടിച്ചു. പരിഷ്‌കൃത സമൂഹത്തിന്‌ചേര്‍ന്ന നടപടിയല്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
സ്ത്രീ പുരുഷ സമത്വത്തിന് ഇത്രയേറെ പ്രാധാന്യ കല്‍പ്പിക്കുന്ന കേരളീയ സമൂഹത്തിന്റെ നിശ്ശബ്ദത അതീവ ഖേദകരമാണ്. മുസ്ലിം സ്ത്രീകളെ വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ തളച്ചിടാനുള്ള പുരോഹിതരുടെ, മതനേതാക്കളുടെ ശ്രമമാണ് ഇതിനുപിന്നില്‍. ഇതിന് ഖുര്‍ആന്‍ വചനങ്ങളുടേയോ ഭരണഘടനയുടേയോ പിന്‍ബലമില്ല, അവയുടെ ലംഘനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു
സമസ്ത വേദിയില്‍ നടന്നത് ഒരു കുറ്റകൃത്യമല്ലാതെ മറ്റൊന്നുമായി കാണുന്നില്ല. അത്യന്തം ഖേദകരമായ സംഭവമാണ് നടന്നത്. സ്വമേധയാ കേസ് എടുക്കേണ്ടതാണ്. ഇത്തരം ആളുകളാണ് ഇസ്ലാമോഫോബിയ പരത്താന്‍ കാരണമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിജാബ് വിഷയം അടക്കം ചേര്‍ത്തുവെച്ചായിരുന്നു ഗവര്‍ണറുടെ പ്രതികരണം. ദേശീയ നേതാക്കളടക്കം ഈ വിഷയത്തില്‍ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

