കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്കിയ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി വെച്ചു. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഈ മാസം പത്തൊമ്പതാം തീയതിയിലേക്കാണ് കേസ് മാറ്റിയത്. അഞ്ച് മിനിട്ടിനുളളിൽ വാദം തീർക്കാമെന്ന് ബിനീഷിന്റെ അഭിഭാഷകൻ പറഞ്ഞെങ്കിലും ചെവികൊളളാൻ കോടതി തയ്യാറായില്ല. കൂടുതൽ കേസുകൾ പരിഗണിക്കാനുണ്ടെന്നും തത്ക്കാലം ബിനീഷിന്റെ കേസ് മാറ്റുകയാണെന്നുമായിരുന്നു കോടതി പറഞ്ഞത്.
രോഗാവസ്ഥയിൽ കഴിയുന്ന അച്ഛനെ കാണാന്‍ കുറച്ചുദിവസത്തേക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നായിരുന്നു ബിനീഷിന്റെ പ്രധാന ആവശ്യം. ക്യാന്‍സർ ബാധിതനായ അച്ഛന് കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്പോകാന് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രധാന വാദം.
ബിനീഷിന്റെ അകൗണ്ടിൽ കള്ളപ്പണം ഇല്ല. പച്ചക്കറി, മത്സ്യ മൊത്തക്കച്ചവടത്തിൽനിന്ന് ലഭിച്ച പണമാണ് ബാങ്ക് അകൗണ്ടിൽ ഉണ്ടായിരുന്നത്. കേസിലെ പ്രതിയായ അനൂപ് മുഹമ്മദിൽനിന്ന് ബിനീഷിന് പണം ലഭിച്ചിട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരി ഇ ഡിയുടെ അറസ്റ്റിലായിട്ട് 204 ദിവസം കഴിഞ്ഞു.

