മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് തിരിമറിക്കേസില്‍ റിവ്യൂ ഹര്‍ജി തള്ളിയ ലോകായുക്ത നടപടിയില്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരന് ആര് എസ് ശശികുമാര്‍. നിലവില്‍ ചെന്നൈയിലുള്ള ആര് എസ് ശശികുമാര്‍ ഫോണിലൂടെയാണ് ലോകായുക്ത നടപടിയെ വിമര്‍ശിച്ചത്.
പ്രതീക്ഷിച്ച വിധിയാണിതെന്നും ശശികുമാര്‍ വ്യക്തമാക്കി. തിരക്കഥ തയ്യാറാക്കിയാണ് ലോകായുക്ത ഹര്‍ജി തള്ളിയതെന്നും ഇത് താന്‍ മുന്‍കൂട്ടി കണ്ടിരുന്നെന്നും ആര് എസ് ശശികുമാര്‍ പറഞ്ഞു. കേസിന്റെ വാദം ഫുള്‍ ബെഞ്ചിന് വിടാനായി ലോകായുക്ത തീരുമാനിച്ചിരുന്നു.
ഇതിനെതിരെ ആര് എസ് ശശി കുമാര്‍ നല്കിയ റിവ്യൂ ഹര്‍ജിയാണ് തള്ളിയത്. എന്ത് കൊണ്ടാണ് രണ്ട് അംഗ ബെഞ്ചിന് ഈ കേസ് വിട്ടതെന്ന് വ്യക്തമാക്കിയാണ് ലോകായുക്തയും ഉപലോകായുക്തയും ഹര്‍ജി തള്ളിയത്. റഫറന്‍സുകള്‍ ഈ രീതിയില്‍ ചോദ്യം ചെയ്യപ്പെട്ടിട്ടില്ലെന്നും രണ്ട് അംഗ ബെഞ്ച് അറിയിച്ചു.

