മാലദ്വീപിൽ നിന്ന് സൈനികരെ പിൻവലിക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് ഇന്ത്യ. ഇന്ത്യൻ സൈനികരെ മാലദ്വീപിൽ നിന്ന് പിൻവലിക്കണമെന്ന് മാലദ്വീപ് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. അദ്ദുവിൻ്റെ തെക്കേയറ്റത്തുള്ള അറ്റോളിൽ വിന്യസിച്ചിരുന്ന 25 ഇന്ത്യൻ സൈനിക ട്രൂപ്പുകൾ മാർച്ച് 10 ന് മുമ്പായി ദ്വീപസമൂഹം വിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചർച്ചയെത്തുടർന്ന് ദ്വീപുകളിൽ നിന്ന് 89 ഇന്ത്യൻ സൈനിക ട്രൂപ്പുകളെയും അവരുടെ സപ്പോർട്ട് സ്റ്റാഫിനെയും പിൻവലിക്കുന്നത് മെയ് 10 നകം പൂർത്തിയാക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. മാലദ്വീപിലെ മൂന്ന് ഇന്ത്യൻ വിമാനങ്ങൾ, രണ്ട് ഹെലികോപ്റ്ററുകൾ, ഒരു ഫിക്‌സഡ് വിംഗ് വിമാനവും പ്രവർത്തിപ്പിക്കാൻ ഇന്ത്യൻ സിവിലിയൻ സ്റ്റാഫ് എത്തിയെന്നും വാർത്തകൾ പുറത്തുവന്നു. അതേസമയം, മാലദ്വീപിൽ നിന്നോ ഇന്ത്യൻ അധികൃതരിൽ നിന്നോ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇന്ത്യൻ സൈനികരുടെ പിന്മാറ്റത്തിനിടെ മാലദ്വീപ് ചൈനയുമായി സൈനിക സഹായ കരാറിൽ ഒപ്പുവച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനയുടെ സാന്നിധ്യവും മാലദ്വീപിലും അയൽരാജ്യമായ ശ്രീലങ്കയിലും ചൈനയുടെ സ്വാധീനവും ഇന്ത്യ ആശങ്കയോടെയാണ് വീക്ഷിക്കുന്നത്. ജനുവരിയിൽ ബീജിംഗ് സന്ദർശിച്ച മുയിസു, അടിസ്ഥാന സൗകര്യം, ഊർജം, സമുദ്രം, കാർഷിക ഇടപാടുകൾ എന്നീ മേഖലകളുടെ വികസനത്തിനായി ചൈനയുമായി കരാർ ഒപ്പുവെച്ചു. മാലദ്വീപിൽ ചൈന സ്വാധീനം വർധിപ്പിച്ചതോടെ ലക്ഷദ്വീപിൽ ഇന്ത്യ നാവികസേനയെ ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു.