പൗരത്വ നിയമ ഭേദഗതി നിയമം 2024 രാജ്യത്ത് പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകള്‍.
നിയമം പിന്‍വലിക്കണമെന്നാവശ്യപ്പട്ട് എല്‍ഡിഎഫ് ഇന്ന് രാവിലെ 11 മണിക് പ്രതിഷേധ റാലി സംഘടിപ്പിക്കും. രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാണ് പ്രതിഷേധ റാലി ആരംഭിക്കുക. നിയമം പിന്‍വലിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസ് മണ്ഡലതലങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കും. സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് മണ്ഡലതല പ്രതിഷേധം.
കേരളത്തില്‍ പൗരത്വ ഭേദഗതി നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു. വിഷയം വീണ്ടും വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തടക്കം മുഖ്യ പ്രചാരണ വിഷയമാകും.
തിരുവനന്തപുരത്ത് പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ 102 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. രാജ്ഭവനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ച വെല്‍ഫയര്‍ പാര്‍ട്ടി, ഫ്രറ്റേണിറ്റി, എംഎസ്എഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.