കൊവിഡ് അടക്കം നിരവധി പ്രതിസന്ധികള്‍ നേരിട്ട കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദന വളര്‍ച്ചനിരക്ക് നേരിട്ടത് നേരിയ ഇടിവെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. ആളോഹരി വരുമാനത്തില്‍ 16,000 രൂപയുടെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ പ്രതിശീര്‍ഷ വരുമാനത്തില്‍ മൈനസ് 9.66% ഇടിവ് രേഖപ്പെടുത്തുന്നു. സംസ്ഥാനത്ത് തൊഴിലില്ലായ്മയില്‍ കഴിഞ്ഞ വര്‍ഷം 1 ശതമാനം വര്‍ധനവുണ്ടായതായും ബജറ്റിനൊപ്പം ആസൂത്രണബോര്‍ഡ് പുറത്തിറക്കിയ സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
1.62 ലക്ഷമായിരുന്ന ആളോഹരി വരുമാനം 1.46 ലക്ഷമായി കുറഞ്ഞു. അതായത് 16,000 രൂപയുടെ കുറവ്. എന്നാല്‍, അഖിലേന്ത്യാ ആളോഹരി വരുമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ തുക ഒന്നര ഇരട്ടിയാണെന്നും അവലോകനത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിശീര്‍ഷ വരുമാനത്തിലും മൈനസ് 9.66% ഇടിവുണ്ട്.
കാര്‍ഷിക മേഖലയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച നേടിയ മേഖല. കൃഷിയും അനുബന്ധ മേഖലയിലും 3.81% വളര്‍ച്ച രേഖപ്പെടുത്തി. 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ മൈനസ് 5% നിരക്കില്‍ താഴോട്ടു പോയ കാര്‍ഷിക രംഗമാണ് കൊവിഡ് കാലത്ത് വളര്‍ന്നത്. സ്ഥിര വിലനിരക്ക് (കോണ്‍സ്റ്റന്റ് പ്രൈസ്) അടിസ്ഥാനമാക്കിയാണ് വളര്‍ച്ച വിലയിരുത്തുന്നത്.
ടൂറിസം ഉള്‍പ്പെടെ സേവനമേഖല പൂര്‍ണമായി അടഞ്ഞു കിടന്ന മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നിര്‍മാണ മേഖലയും വലിയ ഇടിവ് നേരിട്ടു. മൈനസ് 10.3 ശതമാനമാണ് നിര്‍മാണമേഖലയിലെ വളര്‍ച്ചാ നിരക്ക്. തൊട്ട് മുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ മൈനസ് 1% ആയിരുന്നു വളര്‍ച്ചാ നിരക്ക്. ഇതാണ് വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. വ്യവസായോല്‍പാദന രംഗത്ത് മൈനസ് 8.9% നിരക്കാണ് ഇടിവ്.
കൊവിഡ് ഉത്തേജന പാക്കേജായി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ പാക്കേജാണ് തകര്‍ച്ച പിടിച്ചു നിര്‍ത്തിയതെന്നും അവലോകന റിപ്പോര്‍ട്ട് ചുണ്ടിക്കാട്ടുന്നു.
കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ ഒരു ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 15 മുതല്‍ 59 വയസ്സു വരെയുള്ളവരിലെ തൊഴില്‍ രഹിതരുടെ എണ്ണം 10 ശതമാനമായി ഉയര്‍ന്നു. വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മ നിരക്കിലും കേരളം അഖിലേന്ത്യാ തലത്തിലെ കണക്കുകളേക്കാള്‍ മുന്നിലാണ്.