കര്‍ഷകര്‍ അപകടകാരികളാണെന്നും അവരോട് കലഹത്തിന് ശ്രമിക്കരുതെന്നും ആവശ്യം നേടിയെടുക്കാന്‍ അവര്‍ അക്രമണങ്ങളിലേക്ക് തിരിയുമെന്നും കേന്ദ്ര ബിജെപി നേതൃത്വത്തിന് മേഘാലയ ഗവര്‍ണറുടെ ഉപേദശം. വിവാദമായ കാര്‍ഷിക നിയമങ്ങളില്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനെതിരേയും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് എതിരെ തന്നെയും പലവട്ടം വിമര്‍ശനവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവ് കൂടിയായ സത്യപാല്‍ മാലിക്ക് രംഗത്തെത്തിയിരുന്നു.
‘കര്‍ഷകര്‍ അപകടകാരികളാണ്. അവരോട് കലഹിക്കരുതെന്നാണ് ഡല്‍ഹിയ്ക്കുള്ള എന്റെ നിര്‍ദ്ദേശം. ചര്‍ച്ചകളിലൂടെയായാലും പോരാട്ടങ്ങളിലൂടെയായാലും അവര്‍ക്ക് ആവശ്യമുള്ളത് നേടിയെടുക്കും. ആവശ്യമെങ്കില്‍ അവര്‍ കാര്യം നേടിയെടുക്കാന്‍ ആക്രമണങ്ങളിലേയ്ക്കും തിരിയും’, രാജസ്ഥാനിലെ ജോഡ്പൂരില്‍ ഒരു പൊതുപരിപാടിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സത്യപാല്‍ മാലിക്ക് പറഞ്ഞു..
നേരത്തെ, കര്‍ഷകസമരവുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷുഭിതനായെന്ന് സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തിയിരുന്നു. സമരത്തിനിടെ കര്‍ഷകര്‍ മരിച്ചത് തനിക്ക് വേണ്ടിയാണോയെന്ന് ക്ഷുഭിതനായികൊണ്ട് പ്രധാനമന്ത്രി മോദി ചോദിച്ചതായി സത്യപാല്‍ മാലിക്ക് അന്ന് വെളിപ്പെടുത്തി. 500 ഓളം കര്‍ഷകര്‍ മരിച്ചതായി ചൂണ്ടിക്കാണിച്ചപ്പോഴാണ് തനിക്ക് നേരെ മോദി ക്ഷുഭിതനായതെന്നും ബിജെപി നേതാവും മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണറുമായിരുന്ന മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക് വെളിപ്പെടുത്തിയത്. ലഖിംപ്പൂര്‍ ഖേരി സംഭവത്തിലും കേന്ദ്ര സര്‍ക്കാരിനെ എതിര്‍ക്കുന്ന നിലപാടാണ് മാലിക്ക് സ്വീകരിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്ര സംഭവത്തില്‍ രാജിവെക്കണമെന്നാണ് ഇക്കാര്യത്തില്‍ മാലിക്ക് അഭിപ്രായപ്പെട്ടത്.