കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധിയെടുത്തതിനെ തുടർന്നുണ്ടായ സംഭവത്തിൽ സ്ഥലം എംഎൽഎ കെ യു ജനീഷ് കുമാറിനെതിരെ വിമർശനവുമായി ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ്. എല്ലാം എംഎല്‍എയുടെ നാടകമാണെന്നും ഭിന്നശേഷിക്കാരനെ താലൂക്ക് ഓഫിസില്‍ കൊണ്ടുവന്നത് എംഎല്‍എ ആണെന്ന് ഉള്‍പ്പെടെ പറഞ്ഞുകൊണ്ട് താലൂക്ക് ഓഫീസ് ജീവനക്കാരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിലാണ് ഡെപ്യൂട്ടി തഹസിൽദാരുടെ വിമർശനം.എംഎൽഎക്ക് രജിസ്റ്റർ പരിശോധിക്കാനും ലീവ് ആപ്ലിക്കേഷൻ നോക്കാനും എക്സിക്യൂട്ടീവ് മജിസ്റ്റ്ട്രേറ്റിന്റെ കസേരയിൽ ഇരിക്കാനും അവകാശമുണ്ടോ എന്നും സന്ദേശത്തിൽ ഡെപ്യൂട്ടി തഹസീൽദാർ ചോദിക്കുന്നു.എംഎല്‍എ ജനീഷ് കുമാര്‍ തന്നെ ഒരു നാടകം തയാറാക്കി അതില്‍ എംഎല്‍എ തന്നെ നിറഞ്ഞാടി എന്നും സന്ദേശത്തിലൂടെ എം സി രാജേഷ് ആക്ഷേപിച്ചു. വിനോദയാത്ര സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ഇവിടുത്തെ ജീവനക്കാര്‍ തന്നെയാണെന്ന് വ്യക്തമാണെന്നും ഈ ജീവനക്കാരോട് സഹതാപം മാത്രമാണ് തോന്നുന്നതെന്നും ഡെപ്യൂട്ടി തഹസില്‍ദാര്‍ വാട്ട്‌സ്ആപ്പ് സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം വിനോദ യാത്ര പോയ താലൂക്ക് ഓഫീസിലെ ജീവനക്കാർ തിരികെയെത്തി. വിനോദ യാത്ര സ്പോൺസേർഡ് ആയിരുന്നില്ലെന്നും മറിച്ചുള്ള ആരോപണങ്ങൾ തെറ്റാണെന്നും ജീവനക്കാർ വിനോദ യാത്ര പോയ ബസ്സിന്റെ മാനേജറും വ്യക്തമാക്കി