തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തി അനുഭവവേദ്യമായ പഠനരീതിക്ക് പ്രാധാന്യം നല്‍കേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. കോഴിക്കോട് ഗവ. പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉത്പാദിപ്പിക്കുന്ന അറിവുകളെ സമൂഹത്തിന്റെ ഗുണാത്മകമായിട്ടുള്ള വികസനത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആലോചനയിലാണ് നാം. പ്രായോഗിക പരിശീലനത്തിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍, കാര്യപ്രാപ്തി വര്‍ധിപ്പിക്കാന്‍, കാര്യശേഷിയും കര്‍മ്മകുശലതയും മെച്ചപ്പെടുത്താന്‍ നമ്മുടെ വിദ്യാര്‍ഥികളെ സഹായിക്കുക, പഠന സമ്പ്രദായങ്ങളില്‍ സമഗ്രമായ മാറ്റം കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് എന്ന പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.
ക്യാമ്പസിന്റ മതില്‍ക്കെട്ടിന്റെ പുറത്തുള്ള സമൂഹത്തിന്റെ തീക്ഷ്ണമായ പ്രശ്‌നങ്ങള്‍ക്ക് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിന് ഉത്തരമായാണ് പോളിടെക്‌നിക്കിലെ വിദ്യാര്‍ത്ഥികളുടെ ഇടപെടലെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നാടിന് ചേര്‍ന്ന സാങ്കേതികവിദ്യ വികസിപ്പിച്ചു കൊണ്ട് നമ്മുടെ അടിസ്ഥാന മേഖലകളില്‍ എങ്ങനെ അര്‍ത്ഥപൂര്‍ണ്ണമായ ഇടപെടലുകള്‍ നടത്താന്‍ കഴിയും എന്നതാണ് ഇപ്പോള്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നാം ഏറ്റവും കൃത്യമായി പരീക്ഷിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ സത്യഭാമ, ഐഐഐ സി ജോ.ഡയറക്ടര്‍മാരായ ആര്‍ ആശാലത, ജെ എസ് സുരേഷ് കുമാര്‍, ജിഇസി പ്രിന്‍സിപ്പല്‍ പി സി രഘുരാജ്, ടിഎച്ച്എസ് സുപ്രണ്ട് പത്മ, അലൂമിനി അസോസിയേഷന്‍ സെക്രട്ടറി കൃഷ്ണദാസ്, ആക്‌സോണ്‍ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എംഡി ബ്രിജേഷ് ബാലകൃഷ്ണന്‍, പിടിഎ വൈസ് പ്രസിഡന്റ് കെ എം രവീന്ദ്രന്‍, പിടിഎ ജോ. സെക്രട്ടറി ഗഫൂര്‍ പുതിയങ്ങാടി, ഐഒസി കോര്‍ഡിനേറ്റര്‍ എം പ്രദീപ്, വിദ്യാര്‍ത്ഥി പ്രതിനിധി ആകാശ് ഉദയ് തുടങ്ങിയവര്‍ പങ്കെടുത്തു. പോളിടെക്‌നിക് സ്‌കീം സീനിയര്‍ ജോ.ഡയറക്ടര്‍ എം രാമചന്ദ്രന്‍ സ്വാഗതവും പ്രിന്‍സിപ്പല്‍ പി കെ അബ്ദുള്‍ സലാം നന്ദിയും പറഞ്ഞു.