ദില്ലി: തെരഞ്ഞെടുപ്പുകളിലെ പണമൊഴുക്ക് തടയാൻ ശക്തമായ നടപടികൾ എടുത്തിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി. 2010 -ൽ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മുതൽ തെരഞ്ഞെടുപ്പ് ചെലവുകൾ നിരീക്ഷിക്കാൻ പ്രത്യേക നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത് ഇനിയും തുടരുമെന്നും രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ ഭീമമായി പണമൊഴുക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രിക്കാൻ നടപടിയെടുത്തതെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു.
1961 -ലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം തെരഞ്ഞെടുപ്പിന് ചെലവഴിക്കാവുന്ന പണത്തിന് പരിധി നിശ്ചയിട്ടുണ്ട്. അതിന് പുറമേ പാർട്ടികളും നേതാക്കളും തെരഞ്ഞെടുപ്പുകളിൽ പണം ചെലഴിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ നൽകിയ സത്യവാംഗ്‍മൂലത്തിൽ വിശദീകരിച്ചു.അനിയന്ത്രിതമായ തെരഞ്ഞെടുപ്പ് ചെലുവുകൾ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമ വിഭാഗം ഡയറക്ടർ വിജയ് കുമാർ പാണ്ഡേ നടപടികൾ വിശദീകരിച്ച് സത്യവാഗ്മൂലം നൽകിയത്.
തെരഞ്ഞെടുപ്പുകളിൽ പണത്തിന് അമിത പ്രധാന്യമുണ്ടാകുന്നതിൽ കമ്മീഷന് കടുത്ത ആശങ്കയുണ്ടെന്നും നിശ്ചിത പരിധിക്കുമപ്പുറം പണം ചെലവഴിക്കുന്നത് തടയാൻ സമയോചിതമായി നടപടികൾ ആവർത്തിച്ച് സ്വീകരിക്കുന്നുണ്ടെന്നും സത്യവാംഗ്മൂലത്തിൽ വിശദീകരിക്കുന്നു. ഇതിനായി എക്‌സ്‌പെൻഡീച്ചർ ഒബ്‌സർവർ, അസിസ്റ്റൻറ് എക്‌സ്‌പെൻഡീച്ചർ ഒബ്‌സർവർ, മീഡിയ സർവൈലൻസ് ടീം, അക്കൗണ്ടിംഗ് ടീം, കംപ്ലയൻറ് മോണിട്ടറിംഗ്, കാൾ സെൻറർ, മീഡിയ സർട്ടിഫിക്കേഷൻ, മോണിട്ടറിംഗ് കമ്മിറ്റി, ഫ്‌ളൈയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവ രൂപീകരിച്ചിട്ടുണ്ട്.
കൂടാതെ, തെരഞ്ഞെടുപ്പ് സമയങ്ങളിൽ ഏറ്റവും കൂടുതൽ പണം ഒഴുകുന്ന മണ്ഡലങ്ങൾ തിരിച്ചറിഞ്ഞ് കർശന നിരീക്ഷണം നടത്തുന്നുണ്ടെന്നും അതോടൊപ്പം അക്കൗണ്ടിംഗ് ടീം സ്ഥാനാർത്ഥികളുടെ ചെലവുകൾ രഹസ്യമായി നിരീക്ഷിച്ച് തെളിവുകൾ അടക്കം ശേഖരിക്കുന്നുണ്ടെന്നും കമ്മീഷൻ കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് ചെലവുകൾക്കായി ഓരോ സ്ഥാനാർഥിയും പ്രത്യേകം ബാങ്ക് അക്കൗണ്ട് തുറക്കണമെന്ന് നിർദേശിച്ചിട്ടുണ്ടെന്നും സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് വരവ് ചെലവ് കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻറെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ കോടതിയിൽ വ്യക്തമാക്കി.