വയനാട് കൊളവള്ളിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തി. കൊളവള്ളിയിലെ പാറകവലയില്‍ കൃഷിയിടത്തിലാണ് കടുവയെ കണ്ടെത്തിയത്. വനപാലകരുടെ ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലിലാണ് കടുവയെ കണ്ടെത്താന്‍ കഴിഞ്ഞത്. വനപാലകര്‍ കടുവയെ നിരീക്ഷിക്കുകയാണ്. തിരച്ചില്‍ തുടങ്ങി ഏഴാം ദിവസമാണ് കൊളവള്ളിയില്‍ കടുവയെ കണ്ടെത്താനായത്.
മിനിയാന്ന് ഉദ്യോഗസ്ഥനെ ആക്രമിച്ച ശേഷം മറഞ്ഞ കടുവ കബനി വിട്ട് കര്‍ണാടകയിലേക്ക് പോയിട്ടില്ലെന്ന് ഇന്നലെത്തന്നെ വനംവകുപ്പ് ഉറപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ കൃഷിയിടത്ത് കണ്ട കാല്‍പ്പാടുകള്‍ കടുവയുടേതെന്നും സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ ഡ്രോണ്‍ വഴിയുള്ള ആകാശ നിരീക്ഷണവും ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് വനപാലകര്‍ നടത്തുകയും ചെയ്ത തിരച്ചിലിലാണ് കടുവയെ കണ്ടെത്താനായത്.

