നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് അഞ്ച് സീറ്റ് കൂടി ആവശ്യപ്പെട്ടേക്കാന്‍ സാധ്യത. നിലവില്‍ സീറ്റില്ലാത്ത ജില്ലകളിലാവും സീറ്റാവശ്യപ്പെടുക. 4 സിറ്റിംഗ് എംഎല്‍എ മാര്‍ക്ക് സീറ്റ് നല്‍കില്ലെന്നാണ് സൂചന.
തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, വയനാട് അടക്കമുള്ള ജില്ലകളിലാണ് ലീഗ് സീറ്റാവശ്യപ്പെടുക. ലീഗ് സ്ഥാനാര്‍ത്ഥികള്‍ തന്നെ ഇവിടെ എല്ലായിടത്തും മല്‍സരിക്കണമെന്നില്ല. പൊതുപിന്തുണയുള്ളവരെ നിര്‍ത്തിയാകും ചില സീറ്റുകളില്‍ മല്‍സരിക്കുക. ഇക്കാര്യം ലീഗ് യുഡിഎഫില്‍ അവതരിപ്പിച്ചതായാണ് സൂചന എന്നാല്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നിട്ടില്ല.
തിരൂര്‍, തിരൂരങ്ങാടി, മഞ്ചേരി, മങ്കട, ഏറനാട്, വേങ്ങര, പെരിന്തല്‍മണ്ണ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മാറ്റും. 4 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് സീറ്റുണ്ടാകില്ലെന്നാണ് ആദ്യഘട്ടത്തിലെ സൂചന. പി കെ ഫിറോസിന് മലപ്പുറം ജില്ലയില്‍ സീറ്റ് നല്‍കിയേക്കും. പട്ടാമ്പി,ഗുരുവായൂര്‍ സീറ്റുകളും തിരുവമ്പാടി, പേരാമ്പ്ര സീറ്റുകളും കോണ്‍ഗ്രസുമായി വെച്ചു മാറിയേക്കും. കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ കൂടുതല്‍ സീറ്റുകള്‍ വെച്ചുമാറും.
പി വി അബ്ദുള്‍ വഹാബ് ഇത്തവണ മല്‍സരിച്ചേക്കും. ഏറനാട്, മഞ്ചേരി സീറ്റുകളാണ് പരിഗണിക്കുന്നത്. കളമശ്ശേരിയില്‍ ഇബ്രാഹിം കുഞ്ഞും മഞ്ചേശ്വരത്ത് കമറുദ്ദീനും മല്‍സരിക്കില്ല. ഇബ്രാഹിം കുഞ്ഞിന് പകരം ലീഗ് ജില്ലാ ഭാരവാഹി കൂടിയായ അദ്ദേഹത്തിന്റെ മകന് സീറ്റ് നല്കാന് ആലോചനയുണ്ട്. കെ ടി ജലീലിനെതിരെ പൊതുസമ്മതനെ നിര്‍ത്താന്‍ കോണ്‍ഗ്രസിന്റെ സമ്മതം തേടും. നേതൃതലത്തില്‍ മാത്രമാണ് കൂടിയാലോചനകള്‍ എന്നതിനാല്‍ സീറ്റ് ചര്‍ച്ച തുടങ്ങിയില്ലെന്ന വിശദീകരണമാണ് നേതാക്കള്‍ നല്‍കുന്നത്.
എന്തായാലും ഇത്തവണ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ലീഗ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കൂറെ പൂര്‍ത്തിയാക്കുമെന്നാണ് സൂചന.