ജമ്മുകശ്മീര്‍ പുനഃസംഘടനാ നടപടി സുപ്രീംകോടതി ശരിവച്ചത് കേന്ദ്ര സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കുന്നത്. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന കോടതിയുടെ നിരീക്ഷണം നിലപാടിനുള്ള അംഗീകാരമായാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിലയിരുത്തുന്നത്. വിധി ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചു. പാർലമെന്റ് നടപടിയെ കോടതി ശരിവച്ചിരിക്കുകയാണ്. കൂടുതല്‍ ശക്തമായ ഇന്ത്യ നിർമ്മിക്കാന് പ്രതീക്ഷ നല്‍കുന്ന വിധിയെന്നും മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.2019 ഓഗസ്റ്റ് 5 ന് 61നെതിരെ 125 വോട്ടുകള്‍ക്കാണ് ജമ്മുകശ്മീര്‍ പുനഃസംഘടന ബില്ല് അമിത് ഷാ രാജ്യ സഭയില്‍ അവതരിപ്പിക്കുന്നത്. പിറ്റേന്ന് 67 നെതിരെ 367 വോട്ടുകള്‍ക്ക് ബില്ല് ലോക്സഭയും കടന്നു. അന്ന് തന്നെ രാഷ്ട്രപതി ഒപ്പുവച്ചു. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളയുമെന്ന സംഘപരിവാര്‍ പ്രഖ്യാപനവും, ബിജെപിയുടെ കാലങ്ങളായുള്ള തെരഞ്ഞെടുപ്പ് വാഗ്ദാനവുമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. താഴ് വരയില്‍ തീവ്രവാദം വളരുന്നുവെന്ന ഗുരുതരമായ ആക്ഷേപം, കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടലിന് പോലും പരിമിതി ഏര്‍പ്പെടുത്തുന്ന പ്രത്യക പദവി, പുറത്ത് നിന്നുള്ളവര്‍ക്ക് ഭൂമിയും മറ്റും വാങ്ങുന്നതിലെ പൗരാവകാശ ലംഘനം ഇതൊക്ക ന്യായീകരണങ്ങളായി സര്‍ക്കാര്‍ നിരത്തി. പ്രത്യേക പദവി എടുത്ത് കളഞ്ഞ് ജമ്മുകശ്മീരെന്നും, ലഡാക്കെന്നുമുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കിയതോടെ അക്രമസംഭവങ്ങള്‍ കുറഞ്ഞെന്നും, തീവ്രവാദത്തെ ഫലപ്രദമായി ചെറുക്കാനാകുന്നുവെന്നും, സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിച്ചെന്നുമുള്ള കണക്കുകള്‍ പാര്‍ലമെന്‍റിലടക്കം സര്‍ക്കാര്‍ നിരത്തിയിരുന്നു.മണ്ഡല പുനര്‍നിര്‍ണ്ണയ്തിനെതിരെ കശ്മീരിലെ പ്രതിപക്ഷ പാര്‍ട്ടികളും, മറ്റ് സംഘടനകളും സുപ്രീംകോടതിയെ സമീപിച്ചെങ്കിലും നീക്കത്തിന് കോടതി തടയിട്ടതും സര്‍ക്കാരിന് ആശ്വാസമായി. ഫലത്തില്‍ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം തെരഞ്ഞെടുപ്പ് മതിയെന്നതും സൗകര്യമായി. അങ്ങനെ രാമക്ഷേത്ര നിര്‍മ്മാണത്തിന് പിന്നാലെ സര്‍ക്കാര്‍ നടപ്പാക്കിയ രണ്ടാമത്തെ വലിയ തീരുമാനവും അംഗീകരിക്കപ്പെടുകയാണ്. അതേസമയം,വ്യക്തമായ സൂചന നല്‍കാതെ സംസ്ഥാന പദവി നല്‍കുമെന്ന് ആവര്‍ത്തിച്ചിരുന്നെങ്കിലും എത്രയും വേഗം തിരികെ നല്‍കണമെന്ന നിര്‍ദ്ദേശം ഹര്‍ജിക്കാര്‍ക്ക് ആശ്വാസമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നും സര്‍ക്കാരിതര ശക്തികളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ ഒരു പോലെ പരിഗണിക്കമെന്നും സമിതി വേണമെന്നുമുള്ള നിര്‍ദ്ദേശവും മുറിവുണക്കുന്നതായി.