കോഴിക്കോട്: ലോകകപ്പ് ആരംഭിക്കുന്നതിന് മുന്നേ അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം ശ്രദ്ധേയമായ പുള്ളാവൂര്‍ പുഴയില്‍ ഇനി മെസ്സി മാത്രം. ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അവസാനിച്ചപ്പോള്‍ ബ്രസീലും പോര്‍ച്ചുഗലും സെമി കാണാതെ പുറത്തായിരുന്നു. ഇതോടെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകള്‍ എടുത്തുമാറ്റിയതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
കോഴിക്കോട് പുള്ളാവൂര്‍ ചെറുപുഴയില്‍ സ്ഥാപിച്ച മെസ്സിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ കേരളത്തിന്റെ ഫുട്‌ബോള്‍ ഭ്രമത്തിന്റെ അടയാളമായി ലോകത്തിന്റെ മുന്നില്‍ ഉയര്‍ന്നുനിന്നിരുന്നു. ഫിഫയുടെ ഔദ്യോഗിക പേജില്‍ പോലും പുള്ളാവൂര്‍ക്കഥ എത്തിയതോടെ കേരളത്തിന്റെ ആവേശം അന്താരാഷ്ട്രതലത്തില്‍ എത്തി.
എന്നാല്‍ ക്വാര്‍ട്ടര്‍ ഫൈനലുകള്‍ അവസാനിച്ചപ്പോള്‍ കട്ടൗട്ടുകളിലെ രണ്ട് താരങ്ങളുടെ ടീമുകള്‍ സെമിയിലെത്താതെ പുറത്തായി. കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ നടന്ന ക്വാര്‍ട്ടറില്‍ ബ്രസീല്‍ തോറ്റ് പുറത്തായിരുന്നു. പോര്‍ച്ചുഗല്‍ ആഫ്രിക്കന്‍ കരുത്തരായ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റത് ഇന്നലെയാണ്. നിരവധി ആരാധകരുള്ള പോര്‍ച്ചുഗലും ബ്രസീലും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ ഇപ്പോള്‍ വീണ്ടും പുള്ളാവൂര്‍പ്പുഴ ചര്‍ച്ചയാവുകയാണ്. ക്രിസ്റ്റിയാനോയും നെയ്മറും ലോകകപ്പില്‍ നിന്ന് പുറത്തായതോടെ പുള്ളാവൂര്‍ പുഴയില്‍ നിന്നും കട്ടൗട്ടുകളും എടുത്തുമാറ്റി. സെമിയിലേക്ക് കടന്ന മെസ്സിയുടെ കട്ടൗട്ട് മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാണ് മെസ്സിയുടെ അര്‍ജന്റീന സെമിഫൈനലിസ്റ്റുകളായത്.