സ്വപ്‌നയ്ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന് റിപ്പോര്‍ട്ട്. ദക്ഷിണമേഖല ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ജയില്‍ മേധാവിക്ക് കൈമാറി. ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്ന തന്നെ പറഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അഭിഭാഷകന്‍ നല്‍കിയ രേഖയില്‍ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും സ്വപ്ന പറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു. ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും അന്തിമ റിപ്പോര്‍ട്ട് ജയില്‍ മേധാവി സര്‍ക്കാരിന് കൈമാറുക.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് അട്ടക്കുളങ്ങര ജയിലിലെത്തിയ ചില ഉദ്യോഗസ്ഥര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കോടതിയില്‍ സ്വപ്ന പരാതിയായി എഴുതി നല്‍കിയത്. രഹസ്യമൊഴി നല്‍കിയതിനാല്‍ ജയിലില്‍ ഇപ്പോഴും ഭീഷണി ഉണ്ടെന്നും സ്വപ്ന കോടതിയെ അറിയിച്ചു. എന്നാല്‍ സ്വപ്ന കോടതിയെ അറിയിച്ച കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നാണ് ജയില്‍ വകുപ്പിന്റെ അന്വേഷണത്തിലെ കണ്ടെത്തല്‍.
ഒക്ടോബര്‍ 14ന് സ്വപ്നയെ ജയിലിലെത്തിച്ചത് മുതല്‍ നവംബര്‍ 25 വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ ജയില്‍ ഡിഐജി അജയകുമാര്‍ പരിശോധിച്ചു. കസ്റ്റംസ്, ഇഡി, വിജിലന്‍സ് ഉദ്യോഗസ്ഥരും അമ്മയും ഭര്‍ത്താവുമുള്‍പ്പടെ 5 ബന്ധുക്കളും മാത്രമാണ് ഈ സമയം സ്വപ്നയെ ജയിലില്‍ വന്ന് കണ്ടിട്ടുള്ളത്.
ഒരു പ്രാവശ്യം മാത്രമാണ് അമ്മയെ ഫോണ്‍ ചെയ്തിട്ടുള്ളത്. എല്ലാം ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലുമായിരുന്നു. ജയില്‍ ഉദ്യോഗസ്ഥരാരും അനാവശ്യമായി സ്വപ്നയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടുമില്ല. സിസിടിവി ദൃശ്യങ്ങളുടേയും രേഖകളുടേയും അടിസ്ഥാനത്തിലാണ് ഡിഐജിയുടെ റിപ്പോര്‍ട്ട്.
സ്വപ്നയോടും കോടതിയില്‍ നല്‍കിയ അപേക്ഷയെ കുറിച്ച് ഡിഐജി ചോദിച്ചിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ കോടതിയുടെ അനുമതിയില്ലാതെ ചോദ്യം ചെയ്യാനാകില്ല എന്നത് കൊണ്ട് ഈ വിശദീകരണം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്താനാകില്ല. സ്വപ്നയുടെ ശബ്ദരേഖ ചോര്‍ന്നത് ജയിലില്‍ നിന്നല്ലെന്ന് റിപ്പോ!ര്‍ട്ട് നല്‍കിയ ജയില്‍ ഡിഐജിയാണ് ഭീഷണിയിലും അന്വേഷണം നടത്തിയത്.

